വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും നൈപുണ്യ വികസനത്തിനുമായി നൂതനമായ വിവിധ കോഴ്സുകൾ ആവിഷ്‌കരിച്ചു നടത്തുന്നതിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സെൻറർ ഫോർ കണ്ടിന്യൂയിങ് എജ്യുക്കേഷൻ കേരള (CCEK) ലോകപ്രശസ്തമായ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പിട്ടു. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ സാന്നിധ്യത്തിൽ സിസിഇകെ ഡയറക്ടർ ഇഷിത റോയ് ആണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.
ജർമ്മനി ആസ്ഥാനമായുള്ള ടിയുവി റൈൻലാൻഡ്, ന്യൂഡൽഹി ആസ്ഥാനമായുള്ള എഡ്യൂനെറ്റ് ഫൗണ്ടേഷൻ, തിരുവനന്തപുരം ആസ്ഥാനമായുള്ള പാലിയം ഇന്ത്യ എന്നിവയുമായാണ് സഹകരണം.
ടിയുവി റൈൻലാൻഡ് ഗ്രീൻ എനർജി, ഹൈഡ്രജൻ, സോളാർ എനർജി, വിന്റ് എനർജി എന്നീ മേഖലകളിൽ നൈപുണ്യ വികസനം നൽകും. എഡ്യൂനെറ്റ് ഫൗണ്ടേഷൻ കേരളത്തിലെ 10,000 വിദ്യാർത്ഥികൾക്കും 1,000 അധ്യാപകർക്കും ഐബിഎം സർട്ടിഫിക്കേഷനോട് കൂടിയുള്ള നിർമ്മിത ബുദ്ധി (Artificial Intelligence) സൗജന്യ പരിശീലനം നൽകും. ജെറിയാട്രിക് ആൻഡ് പാലിയേറ്റീവ് കെയർ സർട്ടിഫിക്കറ്റ് കോഴ്സിനായാണ് പാലിയം ഇന്ത്യയുമായി സഹകരിക്കുക.
സംസ്ഥാനത്തെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിങ് എജ്യുക്കേഷൻ സബ് സെന്ററുകളിലൂടെയാണ് കോഴ്സുകൾ നടത്തുക. ടിയുവി റൈൻലാൻഡിനു വേണ്ടി അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് അജയ് മേനോൻ, എഡ്യൂനെറ്റ് ഫൗണ്ടേഷന് വേണ്ടി ഹെഡ് – ഗവണ്മെന്റ് റിലേഷൻസ് നിധി ജെയിൻ, പാലിയം ഇന്ത്യക്കുവേണ്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ബിനോദ് ഹരിഹരൻ എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.
