
തിരുവനന്തപുരം: സെലിബ്രിറ്റി ദമ്പതികളായ ജീവ ജോസഫും അപർണ തോമസും വേർപിരിയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ജീവ തന്നെയാണ് വൈകാരികമായ കുറിപ്പിലൂടെ വേർപിരിയൽ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അപർണയുടെ 32-ാം പിറന്നാൾ ദിനത്തിൽ പങ്കുവച്ച കുറിപ്പും, അതിനു താഴെ വിവാഹവാർഷികത്തെക്കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് അപർണ നൽകിയ ‘അതൊക്കെ പണ്ട്’ എന്ന മറുപടിയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് 11 വർഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി ജീവ രംഗത്തെത്തിയത്.
‘‘എല്ലാവർക്കും നമസ്കാരം, ഇത് പങ്കുവയ്ക്കുക എന്നത് എന്നെ സംബന്ധിച്ച് ഒട്ടും എളുപ്പമുള്ള കാര്യമല്ല, എങ്കിലും നിങ്ങളോട് നേരിട്ട് തന്നെ പറയണമെന്ന് എനിക്ക് തോന്നി. കാരണം എന്റെ കരിയറിലും സന്തോഷങ്ങളിലും വിഷമഘട്ടങ്ങളിലുമെല്ലാം, ഈ യാത്രയിലുടനീളം നിങ്ങളിൽ പലരും എന്റെ കൂടെയുണ്ടായിരുന്നു. ഒരു ദമ്പതികൾ എന്ന നിലയിൽ നിങ്ങളിൽ പലരും ഞങ്ങളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു, എന്നാൽ ഇനി മുതൽ അത് ‘ഞങ്ങൾ’ അല്ല, ജീവ എന്നും അപർണ എന്നും മാത്രമാണ്.
11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഞങ്ങൾ വേർപിരിയുകയാണ്. എവിടെയോ എന്തോ തെറ്റിപ്പോയി, ഇനിയിത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന സത്യം ഞങ്ങൾ തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ ഇരുവർക്കും വ്യത്യസ്ത വഴികളിലൂടെ മുന്നോട്ട് പോകാനാണ് തീരുമാനം. ഇതിന് പിന്നിലെ കാരണം പൂർണമായും വ്യക്തിപരമാണ്. ഞങ്ങൾ ഇതിനെ എത്രത്തോളം പക്വതയോടെയാണോ സമീപിച്ചത്, അതുപോലെ നിങ്ങളും ഇതിനെ ഉൾക്കൊള്ളുമെന്ന് കരുതുന്നു. ഇത് വളരെ വ്യക്തിപരമായ ഒരു തീരുമാനമാണ്, ഈ ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും കാര്യങ്ങൾ മനസ്സിലാക്കണമെന്നും അപേക്ഷിക്കുന്നു. പറയാറുള്ളതുപോലെ, സംഭവിക്കുന്നതെല്ലാം നല്ലതിനാണ്, ഞാൻ അതിൽ വിശ്വസിക്കുന്നു.എല്ലാവർക്കും നന്ദി.” – ജീവ കുറിച്ചു.
