ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സ്മൃതി ഇറാനി. ദേശീയ ഗാനമായ ജനഗണമനയ്ക്ക് തുല്യമായ ബഹുമാനം വന്ദേമാതരത്തിന് നല്‍കണമെന്ന് ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ഡോ രാജേന്ദ്ര പ്രസാദ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് വിരുദ്ധമായ തീരുമാനമാണ് കോണ്‍ഗ്രസ് എടുത്തിരിക്കുന്നതെന്ന് സ്മൃതി ഇറാനി വിമര്‍ശിച്ചു. പാര്‍ലമെന്റിന്റെ അഭിപ്രായത്തെ കോണ്‍ഗ്രസ് തള്ളിക്കളയുകയാണോ എന്നും അവര്‍ ചോദിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ കോണ്‍ഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചപ്പോള്‍ സോണിയ ഗാന്ധി മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
വന്ദേമാതരം മുഴുവന്‍ ആലപിക്കുന്നത് സോണിയാ ഗാന്ധി വിലക്കിയെന്നാണ് ബിജെപിയുടെ ആരോപണം. ഇതിന് പിന്നാലെയാണ് സോണിയ ഗാന്ധിക്കെതിരെ വിമർശനവുമായി സ്മൃതി ഇറാനി.പാര്‍ലമെന്റ് ഒരു വിഷയത്തില്‍ തീരുമാനമെടുത്താല്‍ അത് തള്ളിക്കളയാനുള്ള അധികാരം സോണിയ ഗാന്ധിക്കുണ്ടോ?’ എന്ന് ഇന്ത്യ ടുഡേയ്ക്കു നല്കിയ അഭിമുഖത്തില്‍ സ്മൃതി ഇറാനി ചോദിച്ചു. സോണിയ ഗാന്ധിക്ക് ഭാരതമാതാവിനോടോ ദുര്ഗ്ഗാദേവിയോടോ പ്രശ്നമുണ്ടോ എന്നും അവര്‍ ചോദിച്ചു. വന്ദേമാതരത്തിലെ അഞ്ചും ആറും ഖണ്ഡികകളിൽ ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി ദേവതകളെ പരാമര്‍ശിക്കുന്നുണ്ട്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയുടെ 1937ലെ പ്രമേയത്തെ അടിസ്ഥാനമാക്കി പാര്‍ട്ടി പരിപാടികളില്‍ വന്ദേമാതരത്തിലെ ആദ്യ രണ്ട് പദ്യങ്ങള്‍ മാത്രം പാടുമെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശപ്രകാരം എല്ലാ ആറു പദ്യങ്ങളും സര്‍ക്കാര്‍ പരിപാടികളിലും സ്കൂളുകളിലും പാടണമെന്നതാണ് നിലപാട്.മാ ഭാരതി, ജ്ഞാനം, ശക്തി, സമൃദ്ധി എന്നിവയുടെ പ്രതീകമാണെന്നും, ദുര്‍ഗ്ഗയും ലക്ഷ്മിയും സരസ്വതിയും ഉള്‍പ്പെടുന്ന ദൈവിക പ്രതീകങ്ങള്‍ ഗാനത്തില്‍ പ്രതിഫലിക്കുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് എന്താണെന്ന് വീണ്ടും ചോദിച്ച സ്മൃതി ഇറാനി മാ ഭാരതി, ദുര്‍ഗ്ഗാദേവി എന്നിവരോട് പാര്‍ട്ടിക്ക് പ്രശ്നമുണ്ടോ എന്നും വിമര്‍ശിച്ചു.
