പനയം ഗ്രാമപഞ്ചായത്തിലെ രണ്ട് കോൺഗ്രസ് അംഗങ്ങൾ പാർട്ടി വിട്ട് സി.പി.ഐ.എമ്മിൽ ചേർന്നു. ജയശ്രീ മധുലാൽ, എ.വി. പ്രിയശ്രീ എന്നിവരാണ് കോൺഗ്രസ് അംഗത്വം രാജിവെച്ച് ഇടതുപക്ഷത്തേക്ക് മാറിയത്. ഇവരുടെ കൂറുമാറ്റത്തോടെ പനയം ഗ്രാമപഞ്ചായത്തിലെ കക്ഷിനിലയിൽ മാറ്റം വന്നു. നിലവിൽ എൽ.ഡി.എഫിന് 7, യു.ഡി.എഫിന് 4, ബി.ജെ.പി.ക്ക് 4, സ്വതന്ത്രന് 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.
കോൺഗ്രസ് വിട്ട് സി.പി.ഐ.എമ്മിൽ ചേർന്ന ജയശ്രീ മധുലാൽ, എ.വി. പ്രിയശ്രീ എന്നീ പഞ്ചായത്ത് അംഗങ്ങൾ തിങ്കളാഴ്ച എല്ലാ അംഗങ്ങളും പങ്കെടുത്ത അവസാന പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തിരുന്നു. പിറ്റേന്ന് തന്നെ ഇരുവരും പഞ്ചായത്ത് ഓഫീസിലെത്തി തങ്ങളുടെ രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറുകയും സെക്രട്ടറി അത് സ്വീകരിക്കുകയും ചെയ്തു. തുടർന്ന്, പഞ്ചായത്ത് പ്രസിഡൻ്റ് ഡോ. കെ. രാജശേഖരനെ വിവരം അറിയിച്ച ശേഷം ഇരുവരും കോൺഗ്രസ് വിടുന്നതായി പ്രഖ്യാപിച്ചു.
കോൺഗ്രസ് വിട്ട് സി.പി.ഐ.എമ്മിൽ ചേർന്ന ജയശ്രീ മധുലാലിനെയും എ.വി. പ്രിയശ്രീയെയും പാർട്ടി നേതാക്കൾ ഹാർദ്ദമായി സ്വീകരിച്ചു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എം.എച്ച്. ഷാരിയർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ. അനിരുദ്ധൻ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. ഏരിയാ സെക്രട്ടറി കെ ജി ബിജു, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ ഷറഫുദ്ദീന്‍, വിജയകുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഇരുവരെയും ഹാരമണിയിച്ച് സ്വീകരിച്ചു.
