ശബരിമലയിൽ പ്ലാസ്റ്റിക് ഷാമ്പൂ സാഷെകളുടെ വിൽപനയ്ക്കും ഉപയോഗത്തിനും ഹൈക്കോടതി വിലക്കേർപ്പെടുത്തി. പമ്പാനദിയിൽ ഉൾപ്പെടെ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടുന്ന ഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. ഈ വിലക്ക് കർശനമായി നടപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് നിർദ്ദേശം നൽകി.
ഷാമ്പൂ സാഷെകൾക്ക് പുറമെ, പമ്പ, സന്നിധാനം, എരുമേലി എന്നിവിടങ്ങളിൽ രാസ കുങ്കുമം വിൽക്കുന്നതിനും വിലക്കുണ്ട്. ഈ ഉൽപ്പന്നങ്ങൾ പരിസ്ഥിതിക്ക് വിനാശകരമാണെന്ന് വിലയിരുത്തിയാണ് കോടതിയുടെ നടപടി. മണ്ഡല-മകരവിളക്ക് സീസൺ 15-ന് ആരംഭിക്കാനിരിക്കെയാണ് ഈ വിലക്കുകൾ വരുന്നത്. ഖരമാലിന്യം നിക്ഷേപിക്കുന്നത് തടയാൻ എരുമേലി ഗ്രാമപഞ്ചായത്ത് കർശന പരിശോധന നടത്തണമെന്നും കോടതി നിർദ്ദേശിച്ചു.
