ഉറുമ്പുകളോടുള്ള അതീവ ഭയം മൂലം 25 വയസ്സുകാരി ആത്മഹത്യ ചെയ്തു. മെർമെക്കോഫോബിയ എന്നറിയപ്പെടുന്ന ഈ അപൂർവ ഭയാവസ്ഥയാണ് യുവതിയുടെ ദാരുണ മരണത്തിന് പിന്നിലെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. യുവതിക്ക് ചെറുപ്പം മുതലേ ഉറുമ്പുകളെ ഭയമായിരുന്നു എന്നും ഇതിന് മുമ്പ് സ്വന്തം ടൗണിലെ ഒരു ആശുപത്രിയിൽ കൗൺസിലിംഗ് തേടിയിരുന്നു എന്നും പൊലീസിന് വിവരം ലഭിച്ചു.
നവംബർ നാലിന് രാവിലെ മകളെ യുവതി ബന്ധുവീട്ടിൽ വിട്ടു. വീട് വൃത്തിയാക്കിയ ശേഷം കൂട്ടിക്കൊണ്ടു വരാമെന്ന് പറഞ്ഞാണ് മകളെ ബന്ധുവീട്ടിലാക്കിയത്. രാവിലെ ജോലിക്കു പോയ ഭർത്താവ് വൈകുന്നേരം തിരിച്ചെത്തിയപ്പോൾ വീടിന്റെ പ്രധാന വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. അയൽവാസികളുടെ സഹായത്തോടെ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
