ഗുരുവായൂർ: ടെലിവിഷൻ സീരിയൽ താരം അനുമോൾ വിവാഹിതയായി. തമിഴ്നാട് സ്വദേശിയായ ഭുവനേഷ് രാജേന്ദിറാണ് വരൻ. ഗുരുവായൂരിൽ നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. നടനും എംപിയുമായ സുരേഷ് ഗോപിയും വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തി.
ഗുരുവായൂരിൽ വിവാഹത്തിനുള്ള ക്രമീകരണങ്ങളെല്ലാം സുരേഷ് ഗോപി ഒരുക്കിയതായാണ് വിവരം. ഒരു സഹോദരനെപ്പോലെ ഇരുവർക്കുമൊപ്പം നിന്ന സുരേഷ് ഗോപി വിവാഹശേഷം നവദമ്പതികളെ അനുഗ്രഹിക്കുകയും ഇരുവരുടെയും കൈപിടിച്ച് ചേർത്തുനിർത്തുകയും ചെയ്തു.
ഗോൾഡൺ നിറത്തിലുള്ള ലെഹങ്കയണിഞ്ഞാണ് അനുമോൾ വിവാഹവേദിയിലെത്തിയത്. വരൻ കേരള കസവുമുണ്ടിനൊപ്പം ഗോൾഡൺ നിറത്തിലുള്ള കുർത്തയായിരുന്നു ധരിച്ചിരുന്നത്.
വിവാഹത്തെക്കുറിച്ച് നേരത്തെ ചോദിച്ചപ്പോഴെല്ലാം അനുമോൾ നൽകിയ രസകരമായ മറുപടികളും ശ്രദ്ധ നേടിയിരുന്നു. ‘നാളെയാണ് കല്യാണം’ എന്നായിരുന്നു അടുത്തിടെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് താരം നൽകിയ മറുപടി. വിവാഹത്തിന് ആരെയൊക്കെ ക്ഷണിച്ചുവെന്ന ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിനും അനുമോൾ തന്റെ പതിവ് രസകരമായ ശൈലിയിലാണ് പ്രതികരിച്ചത്.
ഭുവനേഷ് രാജേന്ദിർ എന്നാണ് വരന്റെ മുഴുവൻ പേര്. നടനും മോഡലുമാണെന്നാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം ബയോയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ചെന്നൈയിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗമാണ് ഭുവനേഷ് എന്നും റിപ്പോർട്ടുകളുണ്ട്.
2019 മുതൽ ഇൻസ്റ്റഗ്രാമിൽ സജീവമായ ഭുവനേഷിന് 1.39 ലക്ഷം ഫോളോവേഴ്സുണ്ട്. അതേസമയം, ഭുവനേഷ് ആരെയും ഫോളോ ചെയ്യുന്നില്ലെന്നതും ശ്രദ്ധേയമാണ്. മോഡലിങ്, അഭിനയം, ഫാഷൻ, യാത്ര, ജീവിതശൈലി, ഫിറ്റ്നസ്, കണ്ടന്റ് ക്രിയേഷൻ തുടങ്ങിയ മേഖലകളിലാണ് ഭുവനേഷിന്റെ താൽപര്യം. റീൽ വിഡിയോകളിലൂടെയാണ് സോഷ്യൽ മീഡിയയിൽ കൂടുതൽ ശ്രദ്ധ നേടിയത്.
അതേസമയം, അനുമോളും ഭുവനേഷും പ്രണയിച്ച് വിവാഹിതരായതാണോ എന്ന കാര്യം വ്യക്തമല്ല. വിവാഹത്തെക്കുറിച്ചോ വരനെക്കുറിച്ചോ നേരത്തെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അനുമോൾ തയ്യാറായിരുന്നില്ല. തന്നെ സ്നേഹിക്കുകയും തന്റെ നല്ലത് ആഗ്രഹിക്കുകയും ചെയ്യുന്നവർക്കായി തന്റെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുമെന്ന് അനുമോൾ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ തന്നെ വെറുക്കുന്നവർക്ക് എല്ലാ വിവരങ്ങളും നേരത്തെ ലഭിക്കേണ്ടെന്ന നിലപാടിലാണ് വിവാഹത്തെക്കുറിച്ചോ വരനെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിടാതിരുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.
വിവാഹത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ‘ഒരു പുതിയ തുടക്കത്തിന്റെ ആഘോഷം’ എന്ന കുറിപ്പോടെ അനുമോൾ പങ്കുവച്ച ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഗുരുവായൂരിൽ നടന്ന വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോകളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പുതിയ ജീവിതത്തിലേക്ക് കടന്ന അനുമോൾക്കും ഭുവനേഷിനും ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്.
