Home » Blog » Education » ലഹരിഭീഷണിക്കും മാനസിക സമ്മർദ്ദത്തിനുമെതിരെ കുട്ടികൾക്കും സ്കൂളുകൾക്കുമായി ‘റസൊണേറ്റ് 360’ പദ്ധതി; ഉദ്ഘാടനം ഓഗസ്റ്റ് 18-ന് വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ നിർവഹിക്കും
10

തിരുവനന്തപുരം: വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരെ ഏകോപിപ്പിച്ച് കുട്ടികളുടെ വൈകാരിക-മാനസിക ക്ഷേമം ഉറപ്പാക്കുന്ന പദ്ധതിക്ക് ചൊവ്വാഴ്ച തുടക്കമാകും. ‘റിസോഴ്സിയോ’ (RESORCIO) സ്റ്റാർട്ടപ്പിൻ്റെ നേതൃത്വത്തിൽ തുടക്കം കുറിക്കുന്ന ‘റസൊണേറ്റ് 360’ പദ്ധതിയുടെ ഉദ്‌ഘാടനം ഓഗസ്റ്റ് 18-ന് വൈകിട്ട് 04:00ന് വെള്ളയമ്പലം എസ്.എഫ്.എസ് ഹോംബ്രിഡ്ജ് മിനി ഹാളിൽ നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ നിർവഹിക്കും. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ കൗൺസിലർമാർക്കുമുതകുന്ന വിവിധതരം വിദ്യാഭ്യാസ പംക്തികളുൾപ്പെടുത്തി സ്കൂളുകളിൽ സൗജന്യമായി വിതരണം ചെയ്യുന്ന റസൊണേറ്റ് 360 മാഗസിനും മന്ത്രി പ്രകാശനം ചെയ്യും.

സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ലഹരി ഭീഷണി, മാനസിക സമ്മർദ്ദം, പോക്സോ കേസുകൾ എന്നിവ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ കുട്ടികൾക്കായി സുരക്ഷാ ശൃംഖല തീർക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രശ്നങ്ങൾ ഉണ്ടായ ശേഷം പ്രതികരിക്കുന്നതിന് പകരം, മുൻകൂട്ടി പ്രതിരോധിക്കുന്ന രീതിയാണ് റസൊണേറ്റ് 360 സ്വീകരിക്കുന്നത്. വിദ്യാർത്ഥി, അധ്യാപകൻ, രക്ഷിതാവ് (The Happiness Triangle) എന്നിവരെ കോർത്തിണക്കി തയ്യാറാക്കിയ പദ്ധതിയിലൂടെ പ്രതിമാസ പരിശീലന ക്ലാസുകൾ, കൗൺസിലർമാർക്കുള്ള ശാസ്ത്രീയ പരിശീലനം, വെൽനെസ്സ് ടൂളുകൾ എന്നിവ ലഭ്യമാക്കും. ഇതിന്റെ ഭാഗമായാണ് സ്കൂളുകളിലേക്ക് റസൊണേറ്റ് 360 മാഗസിൻ സൗജന്യമായി വിതരണം ചെയ്യുന്നത്. പരീക്ഷകൾക്കപ്പുറം ജീവിതത്തിലെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഗൗരി പാർവ്വതി ഭായി, ടി. പി. സീതാറാം ഐ.എഫ്.എസ്, ഡോ. അരുൺ ബി. നായർ, സ്വാമി വിവിക്താനന്ദ സരസ്വതി, സുരേഷ് മോഹൻ സി.എ, ഡോ. ദീപാ ചന്ദ്രൻ, വിനു മോൻ കെ. മാത്യു, സംഗീത മുത്തു കുമാർ, ഗീതിക സുദീപ്, റോബിൻസ് ജെ. അലപ്പാട്ട്, അഖിൽ എം.എസ് തുടങ്ങിയ പ്രമുഖരടങ്ങുന്ന ഉന്നതതല സമിതിയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.