ന്യൂഡൽഹി: എഥനോൾ കലരാത്ത പെട്രോൾ (ഇ20) ലഭിക്കുന്ന പമ്പുകൾ കണ്ടെത്താൻ സഹായിക്കുന്ന വെബ്സൈറ്റും മൊബൈൽ ആപ്പും പുറത്തിക്കി. ഐടി എൻജിനിയർ, ഡൽഹി സ്വദേശിയായ ഗൗരവ് താക്കർ വികസിപ്പിച്ച www.e0fuel.in എന്ന വെബ്സൈറ്റിലൂടെയും ഇ -സീറോ ഫൈൻഡർ എന്ന ആപ്പും വഴി വാഹന ഉടമകൾക്ക് ഇ0 പെട്രോൾ ലഭിക്കുന്ന പമ്പുകൾ കണ്ടെത്താം.
വിവിധ എണ്ണക്കമ്പനികളുടെ വെബ്സൈറ്റുകളിൽ കയറി എഥനോൾ ഇല്ലാത്ത പെട്രോൾ എവിടെ കിട്ടുമെന്ന് തിരയുന്നതിന് പകരമായി ഒറ്റപ്ലാറ്റ്ഫോമിൽ വിവരങ്ങൾ ലഭ്യമാക്കുന്ന സംവിധാനമാണിത്. പൊതുമേഖല എണ്ണ കമ്പനിനകളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുടെ പ്രീമിയം പെട്രോൾ ലഭിക്കുന്ന പമ്പുകളുടെ ലൊക്കേഷനുകളാണ് വെബ്സൈറ്റിലുള്ളത്.
ആപ്പിൽ അക്കൗണ്ട് ഉണ്ടാക്കുകയോ ഫോൺ നമ്പർ നൽകി ഒടിപി വെരിഫിക്കേഷൻ നടത്തുകയോ ചെയ്യാതെ തൊട്ടടുത്തുള്ള പെട്രോൾ പമ്പുകളുടെ വിവരങ്ങൾ ലഭ്യമാകും. പെട്രോളിന്റെ വില, ഫോൺ നമ്പർ എന്നിവയും വെബ്സൈറ്റിൽ ലഭിക്കും.
