Home » Blog » Business » ആകാശത്ത് ഓണം ഉണ്ണാം: ഓണസദ്യ ഒരുക്കി എയർ ഇന്ത്യ എക്സ്പ്രസ്
16

‎കൊച്ചി: ഈ ഓണക്കാലത്ത് കേരളത്തിൽ നിന്നും വിവിധ ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് ആകാശത്ത് വെച്ച് ഓണം ഉണ്ണാൻ അവസരം ഒരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. ഓഗസ്റ്റ് 15 മുതൽ 31 വരെ യാത്ര ചെയ്യുന്നവർക്ക് യാത്രയ്ക്ക് 18 മണിക്കൂർ മുൻപ് വരെ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ഓണസദ്യ മുൻകൂർ ബുക്ക് ചെയ്യാം.

‎ഇതിൻറെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് നിർവഹിച്ചു. എയർ ഇന്ത്യ ഗ്രൂപ്പ് മാർക്കറ്റിംഗ്, ഇ-കോമേഴ്സ്, ലോയൽറ്റി മേധാവി സുനിൽ സുരേഷും പങ്കെടുത്തു. ആകാശത്ത് ഓണസദ്യ ഒരുക്കുന്നത് കേരളത്തിൻറെ തനതാഘോഷമായ ഓണത്തെ ലോകമൊട്ടാകെ എത്തിക്കുന്നതിൽ വലിയ പങ്ക് വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. വിമാനത്തിൽ ഓണസദ്യ ഒരുക്കിയ എയർ ഇന്ത്യ എക്സ്പ്രസിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. കഴിഞ്ഞ വർഷവും ഇത്തരത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ഓണസദ്യ ഒരുക്കിയിരുന്നു.

‎ഓണത്തിന്റെ അനുഭൂതി തെല്ലും കുറയാതെ വാഴ ഇലയില്‍ മട്ട അരി, നെയ് പരിപ്പ്, തോരന്‍, എരിശ്ശേരി, അവിയല്‍, കൂട്ടു കറി, സാമ്പാര്‍, ഇഞ്ചിപ്പുളി, മാങ്ങാ അച്ചാര്‍, ഏത്തക്ക ഉപ്പേരി, ശര്‍ക്കര വരട്ടി, പാലട പ്രഥമൻ തുടങ്ങിയവയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആകാശത്ത് ഒരുക്കുന്ന ഓണ സദ്യയിലുള്ളത്. കസവ് കരയുടെ ഡിസൈനില്‍ തയ്യാറാക്കിയ പ്രത്യേക പാക്കറ്റുകളിലാണ് ഓണ സദ്യ യാത്രക്കാരുടെ കയ്യിലെത്തുന്നത്. 500 രൂപ മാത്രമാണ് വില.

‎കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നായി മാസം തോറും 2850 ഓളം വിമാന സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്. ഇതിൽ 70% സർവീസുകളും അബുദാബി, ആൽ ഐൻ, ബഹ്റൈൻ, ദമാം, ദോഹ, ദുബായ്, ജിദ്ദ, കുവൈറ്റ്, മസ്കറ്റ്, റാസൽഖൈമ, റിയാദ്, സലാല, ഷാർജ തുടങ്ങി ഗൾഫ് മേഖലകളിലെ വിമാനത്താവളങ്ങളിലേക്കാണ്.