Home » Blog » kerala Max » വൻ പ്രതീക്ഷയോടെ യഷിന്റെ ‘ടോക്സിക്’; ആഗസ്റ്റ് 26 റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ കേരള വിതരണാവകാശം പനോരമ സ്റ്റുഡിയോസിന്
images (80)

തെന്നിന്ത്യൻ സൂപ്പർതാരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്പ്‌സ്’ ആഗോള റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം പ്രമുഖ നിർമ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. ഓഗസ്റ്റ് 26-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആക്ഷനും ഇമോഷനും വയലൻസിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ യാഷ് ഇരട്ട വേഷത്തിലാകും എത്തുന്നതെന്നാണ് സൂചനകൾ.

 

വനിതാ കഥാപാത്രങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന കഥാപശ്ചാത്തലമാണ് ചിത്രത്തിന്റേത്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ തുടങ്ങിയ വൻ താരനിരയെ മുൻനിരയിൽ നിർത്തിയാണ് ചിത്രത്തിന്റെ ആദ്യ പ്രൊമോകൾ പുറത്തുവന്നത്. തുടർന്ന് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ‘റായ’ എന്ന കഥാപാത്രത്തെക്കൂടി പരിചയപ്പെടുത്തിയതോടെ ആരാധകരുടെ പ്രതീക്ഷകൾ വാനോളമുയർന്നിട്ടുണ്ട്. കന്നഡയിലും ഇംഗ്ലീഷിലുമായി ഒരേസമയം ചിത്രീകരിച്ച സിനിമ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിൽ ഡബ്ബ് ചെയ്താണ് ആഗോളതലത്തിൽ പ്രദർശനത്തിനെത്തുന്നത്.

 

യാഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. KVN പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ വെങ്കട് കെ. നാരായണയും യാഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണവും രവി ബസ്രൂർ സംഗീതവും ഉജ്വൽ കുൽക്കർണി എഡിറ്റിംഗും നിർവ്വഹിക്കുന്നു. ‘ജോൺ വിക്ക്’ ഫെയിം ജെ.ജെ. പെറി, അൻപറിവ്, കേച ഖംഫാക്ഡി എന്നിവരടങ്ങുന്ന ഹോളിവുഡ് മാതൃകയിലുള്ള വൻ ആക്ഷൻ ടീമാണ് ചിത്രത്തിലെ സാഹസിക രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.