ഷാരൂഖ് ഖാൻ നായകനായ ‘ഓം ശാന്തി ഓം’ പോലുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയയായ ബോളിവുഡ് സംവിധായികയും ഡാൻസ് കൊറിയോഗ്രാഫറുമായ ഫറാ ഖാൻ തന്റെ യൂട്യൂബ് ചാനൽ തുടങ്ങാനുള്ള യഥാർത്ഥ കാരണം വെളിപ്പെടുത്തി. മൂന്ന് മക്കളെ യൂണിവേഴ്സിറ്റിയിൽ അയക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ആവശ്യങ്ങളാണ് വ്ലോഗിങ്ങിന് തന്നെ പ്രേരിപ്പിച്ചതെന്ന് ഫറാ ഖാൻ തുറന്നു പറഞ്ഞു.
ആമസോൺ പ്രൈം വീഡിയോയിലെ ‘ടൂ മച്ച് വിത്ത് കജോൾ ആൻഡ് ട്വിങ്കിൾ’ എന്ന ടോക്ക് ഷോയിൽ സംസാരിക്കുകയായിരുന്നു അവർ. “എന്റെ സിനിമകൾ ഇപ്പോൾ നടക്കുന്നില്ല, ഞാൻ സംവിധാനം ചെയ്യുന്നുമില്ല. അപ്പോൾ ഞാൻ എന്നോട് തന്നെ പറഞ്ഞു, നമുക്കൊരു യൂട്യൂബ് ചാനൽ തുടങ്ങാമെന്ന്. അടുത്ത വർഷം എനിക്ക് മൂന്ന് കുട്ടികളെ യൂണിവേഴ്സിറ്റിയിലേക്ക് അയക്കാനുണ്ട്. അത് വളരെ ചെലവേറിയ കാര്യമാണ്. ഈ സാമ്പത്തിക ആവശ്യങ്ങളെല്ലാം കൊണ്ടാണ് യൂട്യൂബ് ഷോ തുടങ്ങാമെന്ന് കരുതിയത്. ഭാഗ്യവശാൽ, അത് ക്ലിക്കായി,” ഫറാ ഖാൻ പറഞ്ഞു.
ജോലിയോടുള്ള തന്റെ സമീപനത്തെക്കുറിച്ചും താരം സംസാരിച്ചു. “നിങ്ങളുടെ ജീവിതത്തിന് മറ്റൊരാൾക്ക് ചുറ്റും കറങ്ങാൻ കഴിയില്ല. സന്തോഷം എന്നത് നമ്മുടെ ഉള്ളിൽ നിന്നും നമ്മുടെ ജോലിയിൽ നിന്നും വരേണ്ടതാണ്,” ഫറാ ഖാൻ അഭിപ്രായപ്പെട്ടു.
ജോലി തനിക്ക് വളരെയധികം സന്തോഷം നൽകുന്നുണ്ടെന്നും, “എന്റെ രൂപത്തെയോ ശരീരത്തെയോ ആശ്രയിക്കുന്നില്ല എന്നതിനാൽ എനിക്ക് 80 വയസ് വരെ ജോലി ചെയ്യാൻ കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്” എന്നും ഫറാ ഖാൻ കൂട്ടിച്ചേർത്തു.
