പാലക്കാട് പട്ടാമ്പി നഗരസഭ വൈസ് ചെയർമാനും ‘വി ഫോർ പട്ടാമ്പി’ കൂട്ടായ്മയുടെ നേതാവുമായ ടി.പി ഷാജിയും 200-ഓളം പ്രവർത്തകരും കോൺഗ്രസ്സിൽ ചേർന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇവർക്ക് അംഗത്വം നൽകി സ്വീകരിച്ചു. നിലവിൽ എൽഡിഎഫിൽ നിലനിന്ന ഭിന്നതകളെ തുടർന്നാണ് ഷാജി കോൺഗ്രസ്സിലേക്ക് തിരിച്ചെത്തിയത്.
ഷാജിയുടെ ഈ രാഷ്ട്രീയ മാറ്റത്തിന് പിന്നിൽ 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പാണ്. 2020-ൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടാൻ കഴിയാതെ വന്നതോടെ കെപിസിസി നിർവാഹക സമിതി അംഗമായിരുന്ന ഷാജി പാർട്ടി വിട്ട് ‘വി ഫോർ പട്ടാമ്പി’ എന്ന കൂട്ടായ്മ രൂപീകരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ വീറുറ്റ മത്സരം കാഴ്ചവെച്ച ‘വി ഫോർ പട്ടാമ്പി’ മത്സരിച്ച ആറ് സീറ്റുകളിലും വിജയിച്ചു.
ഈ കൂട്ടായ്മയുടെ വരവാണ് പട്ടാമ്പി നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമാകാൻ കാരണമായത്. 2015-ൽ 28-ൽ 19 സീറ്റുകളിലും വിജയിച്ച് യുഡിഎഫ് അധികാരത്തിലിരുന്ന സ്ഥാനത്ത്, 2020-ൽ മൂന്ന് സീറ്റ് മാത്രം നേടിയിരുന്ന എൽഡിഎഫിന് 11 സീറ്റുകൾ നേടാൻ കഴിഞ്ഞു. തുടർന്ന് ‘വി ഫോർ പട്ടാമ്പി’ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ അവർക്ക് ഭരണം ലഭിക്കുകയും ഷാജി നഗരസഭ വൈസ് ചെയർമാനാവുകയും ചെയ്തു.
പട്ടാമ്പി നഗരസഭയിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ ശേഷിയുള്ള ഷാജിയുടെ തിരിച്ചുവരവ് കോൺഗ്രസ് ക്യാമ്പിൽ വലിയ ആവേശമുണ്ടാക്കിയിട്ടുണ്ട്. ഷാജിയുടെയും 200 പ്രവർത്തകരുടെയും വരവോടെ നഗരസഭയിൽ വൻ വിജയം നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.
