തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണം നിലനിർത്താനുള്ള ഉറച്ച തീരുമാനത്തിലാണ് സിപിഐഎം. ശക്തമായ പോരാട്ടത്തിനായി പാർട്ടിയുടെ മൂന്ന് ഏരിയ സെക്രട്ടറിമാരെ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ജില്ലാ കമ്മിറ്റി യോഗത്തിൽ ധാരണയായി. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാലുടൻ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്.
സിപിഐഎമ്മിൻ്റെ പ്രമുഖരായ നേതാക്കളെയാണ് ഇത്തവണ കളത്തിലിറക്കുന്നത്. വഞ്ചിയൂർ ഏരിയ സെക്രട്ടറി കെ. ശ്രീകുമാർ ചാക്ക വാർഡിലും, പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ പി. ബാബു വഞ്ചിയൂർ വാർഡിലും, വിളപ്പിൽ ഏരിയ സെക്രട്ടറി ആർ.പി. ശിവജി പുന്നയ്ക്കാ മുഗൾ വാർഡിലുമായിരിക്കും മത്സരിക്കുക. ഏരിയ സെക്രട്ടറിമാർക്ക് പുറമെ ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.പി. ദീപക്, എസ്.എ. സുന്ദർ എന്നിവരും സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
101 വാർഡുകളുള്ള തിരുവനന്തപുരം നഗരസഭയിൽ, എൽഡിഎഫ് സഖ്യത്തിൽ സിപിഐഎം 75 സീറ്റുകളിലാണ് മത്സരിക്കുക. സഖ്യകക്ഷിയായ സിപിഐ 17 സീറ്റുകളിൽ മത്സരിക്കും. കേരള കോൺഗ്രസ് (എം), കേരള കോൺഗ്രസ് (ബി), ആർ.ജെ.ഡി. തുടങ്ങിയ മറ്റ് കക്ഷികൾക്കും നഗരസഭയിൽ പ്രാതിനിധ്യമുണ്ട്.
