IMG-20251104-WA0084

കൊച്ചി: ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ്, സാംസങ് വാലറ്റിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. ഇനി യുപിഐ ഓണ്‍ബോര്‍ഡിംഗ്, പിന്‍ എന്നിവയില്ലാതെ ബയോമെട്രിക് ഓഥന്റിക്കേഷന്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നു. ഇതോടെ പുതിയ ഗാലക്സി ഫോണുകള്‍ സെറ്റപ്പ് ചെയ്യുന്നതിനിടെ തന്നെ യുപിഐ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനമുള്ള ആദ്യ കമ്പനിയായി സാംസങ് മാറിയിരിക്കുന്നു. ഫോണിന്റെ പ്രാഥമിക ക്രമീകരണ ഘട്ടത്തില്‍ തന്നെ ഉപയോക്താക്കള്‍ക്ക് പേയ്മെന്റ് സംവിധാനത്തിലേക്ക് നേരിട്ട് പ്രവേശിക്കാം.

കൂടാതെ, വിരലടയാളം അല്ലെങ്കില്‍ മുഖം തിരിച്ചറിയല്‍ രീതി ഉപയോഗിച്ച് പിന്‍ ഇല്ലാതെ യുപിഐ പേയ്മെന്റ് നടത്താനും സാധിക്കും. ഇതിലൂടെ പേയ്മെന്റുകള്‍ വേഗത്തിലും സുരക്ഷിതമായും പൂര്‍ത്തിയാക്കാനാകും.

സാംസങ് വാലറ്റില്‍ സൂക്ഷിച്ചിരിക്കുന്ന ടോക്കണൈസ്ഡ് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രധാന ഓണ്‍ലൈന്‍ വ്യാപാരികളില്‍ നേരിട്ട് ഉപയോഗിക്കാനും, ഫോറെക്സ് കാര്‍ഡുകള്‍ (ഡബ്ല്യുഎസ്എഫ്എക്സ് ഗ്ലോബല്‍ പേ), എയു ബാങ്ക് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് ടാപ്പ് ആന്‍ഡ് പേ വഴിയും ഇടപാടുകള്‍ നടത്താനും ഇനി സാധിക്കും.

സാംസങ് നോക്സ് സുരക്ഷയാല്‍ സംരക്ഷിതമായ സാംസങ് വാലറ്റ്, ഗാലക്സി ഇക്കോസിസ്റ്റവുമായി പൂര്‍ണമായി ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നു. പുതിയ സവിശേഷതകള്‍ ഉടന്‍ പിന്തുണയുള്ള ഗാലക്സി ഉപകരണങ്ങളിലേക്ക് എത്തുമെന്ന് കമ്പനി അറിയിച്ചു.

‘സാംസങ് വാലറ്റ് ഇനി ഒരു പേയ്മെന്റ് ആപ്പ് മാത്രമല്ല, ഉപഭോക്താക്കളുടെ ഡിജിറ്റല്‍ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന സുരക്ഷിതവും സൗകര്യപ്രദവുമായ വഴിയാണ്,’ എന്ന് സാംസങ് ഇന്ത്യ സീനിയര്‍ ഡയറക്ടര്‍ (സര്‍വീസസ് ആന്‍ഡ് ആപ്സ് ബിസിനസ്) മധുര്‍ ചതുര്‍വേദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *