ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് ശശി തരൂർ ലേഖനമെഴുതിയതിന് പിന്നാലെ പ്രശംസയുമായി ബിജെപി നേതാവ് ഷെഹ്സാദ് പൂനാവാല രംഗത്തെത്തി. തരൂർ അപകടത്തെ ഭയക്കാതെ കളിക്കുന്നയാൾ ആയി മാറിയെന്ന് പ്രശംസിച്ച പൂനാവാല, ഇക്കാര്യത്തിൽ മുന്നറിയിപ്പും നൽകി. “എനിക്കെന്താണ് സംഭവിച്ചതെന്ന് അറിയാമല്ലോ,” എന്ന് അദ്ദേഹം പ്രതികരിച്ചു. ആ കുടുംബം “വളരെ പ്രതികാരബുദ്ധിയുള്ളവരാണ്” എന്നും, താൻ തരൂരിനായി പ്രാർത്ഥിക്കുന്നുവെന്നും പൂനാവാല കൂട്ടിച്ചേർത്തു.
തരൂർ ‘പ്രൊജക്റ്റ് സിൻഡിക്കേറ്റ്’ എന്ന പ്രസിദ്ധീകരണത്തിൽ എഴുതിയ ‘ഇന്ത്യൻ രാഷ്ട്രീയം ഒരു കുടുംബ ബിസിനസ്സ്’ എന്ന ലേഖനമാണ് ഇപ്പോൾ രാഷ്ട്രീയ ചർച്ചകൾക്ക് ആധാരം. കോൺഗ്രസ് ഉൾപ്പെടെ, സമാജ്വാദി പാർട്ടി, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, നാഷണൽ കോൺഫറൻസ് തുടങ്ങിയ ഇന്ത്യയിലെ കുടുംബ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാർട്ടികളെക്കുറിച്ചാണ് ലേഖനം സംസാരിക്കുന്നത്.
