വനിതാ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ കിരീടം നേടിയതോടെ, മുൻ ബിസിസിഐ പ്രസിഡൻ്റ് എൻ. ശ്രീനിവാസൻ്റെ വിവാദ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നു. 2014 വരെ ബിസിസിഐ പ്രസിഡൻ്റും ചെന്നൈ സൂപ്പർ കിംഗ്സ് ടീം ഉടമയുമായിരുന്ന ശ്രീനിവാസൻ ഇന്ത്യയിൽ വനിതാ ക്രിക്കറ്റ് കളിക്കുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു എന്ന വെളിപ്പെടുത്തൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഡയാന എഡുൽജിയാണ് നടത്തിയത്.
എഡുൽജിയുടെ വെളിപ്പെടുത്തൽ
എൻ. ശ്രീനിവാസൻ ബിസിസിഐ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹത്തെ നേരിട്ട് അഭിനന്ദിക്കാൻ ചെന്നപ്പോഴാണ് വനിതാ ക്രിക്കറ്റിനോടുള്ള തൻ്റെ നിഷേധാത്മക നിലപാട് അദ്ദേഹം തുറന്നുപറഞ്ഞതെന്ന് ഡയാന എഡുൽജി ഓർമ്മിച്ചു. “അദ്ദേഹം എന്നോട് പറഞ്ഞത്, എനിക്ക് എൻ്റെ വഴി തെരഞ്ഞെടുക്കാൻ കഴിയുമായിരുന്നെങ്കിൽ ഇന്ത്യയിൽ വനിതാ ക്രിക്കറ്റ് ഒരിക്കലും സംഭവിക്കില്ല എന്നായിരുന്നു. കാരണം, ശ്രീനിവാസന് വനിതാ ക്രിക്കറ്റിനോട് വെറുപ്പാണ്,” 2017 വനിതാ ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റശേഷം എഡുൽജി വെളിപ്പെടുത്തിയിരുന്നു.
ബിസിസിഐ എക്കാലത്തും ഒരു പുരുഷാധിപത്യ സംഘടന ആയിരുന്നെന്നും, സ്ത്രീകൾ ക്രിക്കറ്റിൽ കരുത്തറിയിക്കുന്നത് അവർ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും ഡയാന എഡുൽജി തുറന്നടിച്ചിരുന്നു. അതേസമയം, ജയ് ഷാ ബിസിസിഐ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് ഇന്ത്യൻ ക്രിക്കറ്റിൽ വനിതാ വിഭാഗത്തിന് വലിയ പരിഗണന ലഭിച്ചു തുടങ്ങിയത്. വനിതാ ഐപിഎൽ ആരംഭിച്ചതും വനിതാ ക്രിക്കറ്റിൽ പുരുഷൻമാർക്ക് തുല്യമായ മാച്ച് ഫീ നടപ്പിലാക്കിയതുമെല്ലാം ജയ് ഷാ സെക്രട്ടറി ആയിരുന്ന കാലത്താണ്.
