Home » Blog » kerala Max » ദൂരപരിധി ഒഴിവാക്കി നിരക്കുകൾ കുത്തനെ മാറ്റി; തപാൽ വകുപ്പ് പാഴ്സൽ അയക്കുന്നവർക്ക് തിരിച്ചടി
New-Project-41-680x450

തപാൽ വഴി പാഴ്സലുകൾ അയക്കുന്ന സാധാരണക്കാർക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും വലിയ മാറ്റങ്ങളുമായി തപാൽ വകുപ്പ് രംഗത്ത്. സ്പീഡ് പോസ്റ്റ് പാഴ്സൽ, ഇന്ത്യ പോസ്റ്റ് പാഴ്സൽ (റീട്ടെയ്ൽ) എന്നിവയുടെ നിരക്കുകൾ പൂർണ്ണമായി പരിഷ്കരിച്ചുകൊണ്ട് പുതിയ ഉത്തരവ് നിലവിൽ വന്നു. ഇതുവരെ പാഴ്സലുകൾ അയക്കുമ്പോൾ ബാധകമായിരുന്ന ദൂരപരിധി സമ്പ്രദായം ഒഴിവാക്കിയാണ് പുതിയ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.

ഇതുവരെ സ്പീഡ് പോസ്റ്റ് വഴി പാഴ്സൽ അയക്കാൻ ദൂരപരിധി അനുസരിച്ചായിരുന്നു നിരക്കുകൾ കണക്കാക്കിയിരുന്നത് എന്നാൽ ഇനിമുതൽ ലോക്കൽ, സംസ്ഥാനം, മെട്രോ, ഇതര സംസ്ഥാനം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും നിരക്കുകൾ ഈടാക്കുക. അതേസമയം, സ്പീഡ് പോസ്റ്റ് വഴി ഔദ്യോഗിക രേഖകൾ അയക്കുന്നതിന് പഴയതുപോലെ ദൂരപരിധി അനുസരിച്ചുള്ള നിരക്കുകൾ തന്നെ തുടരുന്നതാണ്

ഇന്ത്യ പോസ്റ്റ് പാഴ്സലിന്റെ (റീട്ടെയ്ൽ) കാര്യത്തിലും വലിയ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. മുൻപ് ദൂരപരിധി വ്യത്യാസമില്ലാതെ ഒരേ നിരക്കായിരുന്നു ഇതിനുണ്ടായിരുന്നത് (500 ഗ്രാമിന് 36 രൂപയും അധികമുള്ള ഓരോ 500 ഗ്രാമിനും 16 രൂപയും). എന്നാൽ പുതിയ മാറ്റപ്രകാരം ഇതും ലോക്കൽ, സംസ്ഥാനം, മെട്രോ, ഇതര സംസ്ഥാനം എന്നിങ്ങനെ സ്ലാബുകളാക്കി മാറ്റിയിട്ടുണ്ട്. കൂടാതെ നിരക്ക് കണക്കാക്കാൻ ഇതുവരെ ഏറ്റവും കുറഞ്ഞ തൂക്കം 50 ഗ്രാമായിരുന്നെങ്കിൽ, ഇനി മുതൽ അത് 500 ഗ്രാമായി ഉയർത്തിയിട്ടുമുണ്ട്.

ഇതിനോടൊപ്പം 24 മണിക്കൂർ, 48 മണിക്കൂർ എന്നീ സമയപരിധിക്കുള്ളിൽ ഡെലിവറി ഉറപ്പാക്കുന്ന ’24 സ്പീഡ് പോസ്റ്റ്’, ’48 സ്പീഡ് പോസ്റ്റ്’ എന്നിവയുടെ നിരക്കുകളും പരിഷ്കരിച്ചിട്ടുണ്ട്. പാഴ്സൽ അയക്കുന്ന രീതികളിൽ വന്ന ഈ പുതിയ മാറ്റങ്ങൾ പൊതുജനങ്ങളുടെ പോക്കറ്റിൽ നേരിട്ട് ബാധിക്കുന്നതായതുകൊണ്ട് തന്നെ എല്ലാവരും അറിഞ്ഞിരിക്കേണ്ട പ്രധാന വിവരമാണിത്.