‘പണി’ എന്ന ചിത്രത്തിലെ യുവതാരങ്ങളുടെ പ്രകടനത്തെ ജൂറി ചെയർമാനും നടനുമായ പ്രകാശ് രാജ് പ്രശംസിച്ചു. സാഗർ സൂര്യയും ജുനൈസും ആണ് ആ കഥാപാത്രങ്ങൾ ചെയ്തത്. മലയാള സിനിമയിൽ ഇത്തരം യുവപ്രതിഭകൾ ഉണ്ടാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“പണി സിനിമയിലെ ആ ചെറുപ്പക്കാരെ ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു. നെഗറ്റീവ് റോളുകൾ അവർ വളരെ ഭംഗിയായി ചെയ്തു. മലയാള സിനിമയിൽ ഇങ്ങനെ കഴിവുള്ള ചെറുപ്പക്കാർ ഉണ്ടാകുന്നത് വലിയ സന്തോഷമാണ്,” പ്രകാശ് രാജ് പറഞ്ഞു.
നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത് നായകനായെത്തിയ ചിത്രമാണ് ‘പണി’. ആദ്യ സംവിധാന സംരംഭമായിട്ടും മികച്ച അഭിപ്രായം നേടിയ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായിരുന്നു സാഗറും ജുനൈസും. ഇരുവരുടെയും പ്രകടനത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.
പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നിർണ്ണയിച്ചത്. ‘ഭ്രമയുഗ’ത്തിലെ ഗംഭീര പ്രകടനത്തിന് മമ്മൂട്ടിയെ മികച്ച നടനായും ‘ഫെമിനിച്ചി ഫാത്തിമ’യിലെ അഭിനയത്തിന് ഷംല ഹംസയെ മികച്ച നടിയായും തിരഞ്ഞെടുത്തു.
