മൾട്ടിപ്ലക്‌സ് തിയേറ്ററുകളിൽ സിനിമാ ടിക്കറ്റിനും ഭക്ഷണത്തിനും വെള്ളത്തിനും ഉൾപ്പെടെ അമിത വില ഈടാക്കുന്നതിനെതിരെ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച്, “വെള്ളക്കുപ്പിക്ക് 100 രൂപയും കാപ്പിക്ക് 700 രൂപയുമാണ് നിങ്ങൾ ചാർജ് ചെയ്യുന്നത്” എന്ന് വിമർശിച്ചു. ഈ നിരക്കുകളിൽ പരിധി നിശ്ചയിച്ചില്ലെങ്കിൽ സിനിമാ തിയേറ്ററുകൾ കാലിയാകുന്ന അവസ്ഥ ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. സിനിമാ മേഖല പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ യുക്തിസഹമായ നിരക്കിൽ ജനങ്ങൾക്ക് സിനിമാ കാണാൻ അവസരം ഒരുക്കുകയാണ് വേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
മൾട്ടിപ്ലക്‌സുകളിലെ ടിക്കറ്റുകൾക്ക് സമഗ്രമായ ഓഡിറ്റിങ് നടത്തണമെന്ന കർണാടക ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് സുപ്രീം കോടതിയുടെ ഇടപെടൽ. ടിക്കറ്റ് നിരക്ക് പരമാവധി 200 രൂപയായി നിശ്ചയിച്ച കർണാടക സർക്കാരിന്റെ തീരുമാനമാണ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ളവരുടെ ഹർജിയിൽ, കർണാടക സ്റ്റേറ്റ് ഫിലിം ചേംബർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
