വോട്ടർ പട്ടികയുടെ തീവ്ര പരിഷ്‌കരണത്തിനെതിരെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ഇന്ന് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു. റെഡ് റോഡിലെ ബി.ആർ. അംബേദ്കർ പ്രതിമ മുതൽ ജോറാസങ്കോ താക്കൂർബാരി വരെയാണ് റാലി. പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയായ അഭിഷേക് ബാനർജിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പ്രതിഷേധത്തിൽ മുഖ്യമന്ത്രി മമത ബാനർജിയും അണിനിരക്കും. വോട്ടർ പട്ടികയിൽ നിന്നും ഒരാളെപ്പോലും ഒഴിവാക്കാൻ അനുവദിക്കില്ലെന്നാണ് ടിഎംസിയുടെ നിലപാട്.
സംസ്ഥാനത്ത് വോട്ടർ പട്ടിക പരിഷ്കരണത്തിനായുള്ള എസ്ഐആർ നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ, മറ്റിടങ്ങളിലുള്ള മന്ത്രിമാരോടും എംഎൽഎമാരോടും റാലിയിൽ പങ്കെടുക്കാൻ കൊൽക്കത്തയിൽ എത്തേണ്ടതില്ലെന്ന് മമത ബാനർജി നിർദേശം നൽകി. പകരം, അതത് മണ്ഡലങ്ങളിൽ തുടർന്ന്, എസ്ഐആർ ഫോം വിതരണം ചെയ്യുന്ന ബിഎൽഒമാരെ (ബൂത്ത് ലെവൽ ഓഫീസർമാർ) അനുഗമിക്കാനാണ് നിർദേശം. കൊൽക്കത്ത, ഹൗറ, നോർത്ത് 24 പർഗാനാസ്, സൗത്ത് 24 പർഗാനാസ് എന്നിവിടങ്ങളിലെ നേതാക്കൾ മാത്രമായിരിക്കും റാലിയിൽ പങ്കെടുക്കുക.
എസ്ഐആർ നടപടികളുടെ ഏതെങ്കിലും ഘട്ടത്തിൽ സഹായം ആവശ്യമുള്ളവരെ സഹായിക്കുന്നതിനായി എല്ലാ വാർഡുകളിലും ഹെൽപ്പ് ഡെസ്കുകൾ സജ്ജമാക്കാൻ തൃണമൂൽ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ബിഎൽഒമാരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ടിഎംസി പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി. നിർദേശം അനുസരിച്ചില്ലെങ്കിൽ ജയിലിൽ അടക്കുമെന്ന് സുവേന്ദു പരസ്യമായി ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
