തിരുവനന്തപുരം: സ്ത്രീകളിൽ നിക്ഷേപ- സാമ്പത്തിക അവബോധം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് എച്ച്.ഡി.എഫ്.സി. മ്യൂച്വൽ ഫണ്ട് നടത്തിയ നാരി നിവേശ് യാത്രയുടെ തിരുവനന്തപുരത്തെ പര്യടനം സമാപിച്ചു. ജൂൺ 26-ന് ചെന്നൈയിൽ നിന്നും ആരംഭിച്ച ഈ രാജ്യവ്യാപക നിക്ഷേപക വിദ്യാഭ്യാസ-അവബോധ പരിപാടിയുടെ ഭാഗമായി കരമന മാർക്കറ്റ്, ചാല മാർക്കറ്റ്, കിഴക്കേക്കോട്ട മാർക്കറ്റ്, പൂജപ്പുര മാർക്കറ്റ്, നേമം മാർക്കറ്റ്, കൈമനം മാർക്കറ്റ് എന്നിവിടങ്ങളിലെ പ്രാദേശിക സമൂഹങ്ങളുമായി സംവാദം നടത്തി.
കുടുംബങ്ങളുടെ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിലും സമ്പത്ത് സൃഷ്ടിക്കുന്നതിലും സ്ത്രീകളുടെ പങ്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്തെ വിവിധ സമൂഹങ്ങളിലേക്ക് നേരിട്ട് നിക്ഷേപക വിദ്യാഭ്യാസം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആറുമാസം നീണ്ടുനിൽക്കുന്ന ‘നാരി നിവേശ് യാത്ര’ സംഘടിപ്പിച്ചത്. തെരുവുനാടകങ്ങൾ, നിക്ഷേപക ബോധവൽക്കരണ ക്ലാസുകൾ, സമൂഹവുമായി നേരിട്ടുള്ള ആശയവിനിമയം എന്നിവയിലൂടെ സാമ്പത്തിക ആസൂത്രണം, ചിട്ടയായ നിക്ഷേപം, ദീർഘകാല സമ്പത്ത് സൃഷ്ടിക്കൽ തുടങ്ങിയവയെക്കുറിച്ച് നഗരത്തിലെ സ്ത്രീകൾക്ക് കൂടുതൽ അവബോധം നൽകാൻ ഇതിലൂടെ സാധിക്കും.
പരമ്പരാഗത സമ്പാദ്യ രീതികളിൽ നിന്ന് മാറി, വിവേകത്തോടെയുള്ള നിക്ഷേപത്തിന്റെ പ്രയോജനങ്ങൾ മനസ്സിലാക്കി സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്ന എച്ച്.ഡി.എഫ്.സി. മ്യൂച്വൽ ഫണ്ടിന്റെ ‘ബർണി സെ ആസാദി’ നിക്ഷേപക വിദ്യാഭ്യാസ-അവബോധ പരിപാടിയുടെ വിപുലീകരണമായാണ് ‘നാരി നിവേശ് യാത്ര’ സംഘടിപ്പിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി രണ്ട് പ്രചാരണ വാഹനങ്ങൾ രാജ്യത്തിന്റെ രണ്ട് വ്യത്യസ്ത ദിശകളിലൂടെ സഞ്ചരിച്ച് നിരവധി നഗരങ്ങളും പട്ടണങ്ങളും സന്ദർശിക്കും. ഓരോ കേന്ദ്രങ്ങളിലും സമൂഹവുമായി നേരിട്ട് ഇടപഴകുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കും. തെരുവുനാടകങ്ങളും സംവേദനാത്മക നിക്ഷേപക ബോധവൽക്കരണ സെഷനുകളും മുഖേന സാമ്പത്തിക വിഷയങ്ങൾ ലളിതമായി വിശദീകരിക്കുകയും നിക്ഷേപത്തെക്കുറിച്ചുള്ള സംവാദങ്ങൾക്ക് പ്രചോദനമാവുകയും ചെയ്യും.
വനിതകളുമായി നേരിട്ട് സംവദിക്കുകയെന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. രാജ്യത്തുടനീളം വനിതാ സ്വയംസഹായ സംഘങ്ങൾക്കായി 60 പ്രത്യേക ബോധവൽക്കരണ സെഷനുകളും സംഘടിപ്പിക്കും. സാമ്പത്തിക ആസൂത്രണം, ലക്ഷ്യാധിഷ്ഠിത നിക്ഷേപം, ദീർഘകാല സമ്പത്ത് സൃഷ്ടിക്കൽ, ചിട്ടയായ നിക്ഷേപ ശീലം വളർത്തേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്കായുള്ള വേദിയായിരിക്കും ഈ സെഷനുകൾ.
ഇന്ത്യയിലെ കുടുംബങ്ങളിൽ സ്ത്രീകളാണ് ഏറ്റവും ചിട്ടയോടെ സമ്പാദ്യം സ്വരൂപിക്കുന്നവരിൽ പലരും. എന്നാൽ വ്യക്തിഗത സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള ശരിയായ സംവാദങ്ങൾ നടക്കാത്തതിനാൽ ചിട്ടയോടെയുള്ള നിക്ഷേപം പലർക്കും അകലെയാണെന്ന് എച്ച്.ഡി.എഫ്.സി. അസറ്റ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ നവ്നീത് മുനോട്ട് പറഞ്ഞു. ഈ വിടവ് നികത്താനാണ് ‘നാരി നിവേശ് യാത്ര’ നടത്തുന്നത്. തെരുവു നാടകങ്ങൾ, സമൂഹ ബോധവൽക്കരണ പരിപാടികൾ, സ്വയംസഹായ സംഘങ്ങളുമായുള്ള നേരിട്ടുള്ള സംവാദങ്ങൾ എന്നിവയിലൂടെ നിക്ഷേപം സങ്കീർണമായ ഒന്നല്ലെന്നും, അവർ ഇതിനകം ലക്ഷ്യമിടുന്ന സാമ്പത്തിക സ്വപ്നങ്ങൾ കൈവരിക്കാനുള്ള പ്രായോഗിക മാർഗമാണെന്നും സ്ത്രീകളെ ബോധ്യപ്പെടുത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ സാമ്പത്തിക അവബോധം ശക്തിപ്പെടുത്താനും സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് മുന്നേറാനുള്ള പ്രചോദനം നൽകാനുമുള്ള എച്ച്.ഡി.എഫ്.സി. മ്യൂച്വൽ ഫണ്ടിൻ്റെ പ്രതിബദ്ധതയാണ് ഈ യാത്രയിലൂടെ മനസിലാകുന്നത്.
