ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട 2026 ജൂണിലെ കണക്കുകൾ പ്രകാരം കേരളത്തിൽ 41,989 പുതിയ ഉപഭോക്താക്കളെ സ്വന്തമാക്കി വോഡഫോൺ ഐഡിയ (Vi). ഇതോടെ സംസ്ഥാനത്തെ ആകെ വി വരിക്കാരുടെ എണ്ണം 12,792,244 ആയി ഉയർന്നു. നിലവിൽ കേരളത്തിലെ മൊത്തം ടെലികോം വിപണിയുടെ 29.92 ശതമാനം വിഹിതവും വിയുടെ കൈവശമാണ് ഉള്ളത്.
നെറ്റ്വർക്ക് വികസനത്തിനും ഉപഭോക്തൃ സേവനം കൂടുതൽ മികച്ചതാക്കുന്നതിനുമായി നടത്തുന്ന നിരന്തരമായ നിക്ഷേപങ്ങളാണ് ഈ നേട്ടത്തിന് കാരണമെന്ന് വോഡഫോൺ ഐഡിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. വർധിച്ചുവരുന്ന ഡാറ്റാ ഉപഭോഗം കണക്കിലെടുത്ത് നഗരങ്ങളിലും വളർന്നുവരുന്ന വിപണികളിലും വേഗതയേറിയതും വിശ്വസനീയവുമായ നെറ്റ്വർക്ക് അനുഭവം ലഭ്യമാക്കാനാണ് കമ്പനി മുൻഗണന നൽകുന്നത്.
ഉയർന്ന വേഗതയുള്ള ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടെ ആവശ്യകത മുൻനിർത്തി വി തങ്ങളുടെ 5ജി ശൃംഖല സംസ്ഥാനത്ത് വൻതോതിൽ വ്യാപിപ്പിച്ചിട്ടുണ്ട്. നിലവിൽ കേരളത്തിലെ 51 നഗരങ്ങളിൽ വി 5ജി സേവനം ലഭ്യമാണ്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, കൊല്ലം, തൃശ്ശൂർ, കോട്ടയം, കണ്ണൂർ, പാലക്കാട് എന്നീ പ്രധാന നഗരങ്ങൾക്ക് പുറമെ പ്രമുഖ മുനിസിപ്പാലിറ്റികളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
കേരളത്തിന് പുറമെ ദേശീയ തലത്തിലും മികച്ച പ്രകടനമാണ് കമ്പനി കാഴ്ചവെച്ചത്. 2026 ജൂണിൽ തുടർച്ചയായ അഞ്ചാം മാസവും ഉപഭോക്താക്കളുടെ എണ്ണത്തിൽ അറ്റവളർച്ച രേഖപ്പെടുത്താൻ വിയ്ക്ക് സാധിച്ചു. ജൂൺ മാസത്തിൽ മാത്രം രാജ്യത്തുടനീളം 1,63,757 പുതിയ ഉപഭോക്താക്കളെയാണ് കമ്പനി ചേർത്തത്. ഇതോടെ കഴിഞ്ഞ ആറ് മാസത്തിനിടെ കമ്പനി നേടിയ ആകെ ഉപഭോക്താക്കളുടെ എണ്ണം 4,63,129 ആയി ഉയർന്നു.
ജൂൺ മാസത്തിൽ വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയ മറ്റ് പ്രധാന ടെലികോം സർക്കിളുകളിൽ യുപി-ഈസ്റ്റിൽ 1,77,245 പേരും, ഗുജറാത്തിൽ 1,11,335 പേരും, കർണാടകയിൽ 63,135 പേരും പുതുതായി വരിക്കാരായി. മഹാരാഷ്ട്രയിൽ 58,493, ഡൽഹിയിൽ 52,613, ഒഡീഷയിൽ 18,885, അസമിൽ 16,757, ബിഹാറിൽ 3,636 എന്നിങ്ങനെയാണ് മറ്റ് സർക്കിളുകളിലെ വരിക്കാരുടെ വർധനവ്.
