ന്യൂഡൽഹി : എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെതിരായ അറസ്റ്റ് വാറണ്ട് കോടതി റദ്ദാക്കി. ഡൽഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി. 2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഡൽഹി പൊലീസ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. അറസ്റ്റ് നടപടികള്‍ തടയണമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഐഷി ഘോഷ് കോടതിയെ സമീപിക്കുകയായിരുന്നു.
രണ്ട് ദിവസം മുമ്പ് ഡൽഹി എകെജി ഭവനിലെത്തിയ പൊലീസ് ഐഷിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ജോണ്‍ ബ്രിട്ടാസ് എംപിയുടെ നേതൃത്വത്തില്‍ പൊലീസിനെ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു.
2021ല്‍ ബംഗ്ലാ ഭവനിലേക്ക് നടത്തിയ മാര്‍ച്ചിന്റെ ഭാഗമായുള്ള കേസിലാണ് പട്യാല ഹൗസ് കോടതി ഏപ്രില്‍ 15ന് ഐഷിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. മാസങ്ങള്‍ കഴിഞ്ഞിട്ടും അറസ്റ്റ് വാറണ്ടില്‍ സമന്‍സോ അറിയിപ്പോ നല്‍കിയിരുന്നില്ല.
ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് ശേഷമാണ് കേസില്‍ വീണ്ടും നടപടിയുണ്ടാകുന്നത്. സമരത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന ഐഷിയെ തടങ്കലിലാക്കുക എന്ന ലക്ഷ്യത്തോടെ ചൊവ്വാഴ്ച വൈകുന്നേരം സിപിഐഎം കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി ഭവനിലേക്ക് ഡല്‍ഹി പൊലീസ് എത്തിയിരുന്നു. അഞ്ച് വര്‍ഷം മുന്‍പുള്ള കേസ് കുത്തിപ്പൊക്കി സിജെപിക്കൊപ്പം നീറ്റ് ചോദ്യചോര്‍ച്ച സമരത്തിന് നേതൃത്വം നല്‍കിയ ഐഷിയെ ജയിലിലടക്കാനായിരുന്നു പൊലീസിന്റെ ശ്രമമെന്നായിരുന്നു വിമർശനം.
