Home » Blog » kerala Max » കാവേരി വെള്ളം വിട്ടുകൊടുക്കാനാകില്ലെന്ന് കർണാടക; ഉത്തരവിനെതിരെ കടുത്ത നിലപാടുമായി സർക്കാർ
river

<strong>ബെംഗളൂരു</strong>: തമിഴ്നാടിന് കാവേരിയിലെ വെളളം നൽകണമെന്ന നിർദേശത്തിൽ നിലപാട് കടുപ്പിച്ച് കർണാടക. കാവേരിയിലെ വെള്ളം നൽകാൻ കഴിയാത്ത സാഹചര്യമെന്നാണ് കർണാടകയുടെ നിലപാട്. തമിഴ്നാടിന് വെള്ളം നൽകണമെന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി (സി ഡബ്ല്യു ആർ സി) യുടെ ഉത്തരവിനെതിരെ കർണാടക രംഗത്തെത്തി. കാവേരി വാട്ടർ മാനേജ്മെന്‍റ് അതോറിറ്റി (സി ഡബ്ല്യ എം എ) യെ സമീപിക്കാനാണ് കർണാടകയുടെ തീരുമാനം. വെള്ളം വിട്ടുനൽകിയാൽ ബെംഗളൂരുവിൽ കുടിവെള്ളം മുട്ടുമെന്നാണ് കർണാടകയുടെ ആശങ്ക. തമിഴ്നാടിനെതിരെ കന്നഡ അനുകൂല സംഘടനകളുടെ പ്രതിഷേധം ശക്തമാണ്.

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‍ കർണാടക സന്ദർശിക്കുന്നതിന് എതിരെയും പ്രതിഷേധം ഉയർന്നു.
കർണാടക പ്രതിദിനം 3,500 ക്യുസെക്സ് വീതം 15 ദിവസത്തേക്ക് തമിഴ്‌നാടിന് വെള്ളം തുറന്നു വിടണമെന്ന് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെ ഉത്തരവ്. തുടർന്ന് പതിറ്റാണ്ടുകൾ പഴക്കമുള്ള കാവേരി ജലതർക്കം വീണ്ടും സജീവമായിരിക്കുകയാണ്. മഴക്കുറവും ജലസംഭരണികളിലെ ജലനിരപ്പ് കുറഞ്ഞതും ചൂണ്ടിക്കാട്ടി ഈ ഉത്തരവിനെതിരെ കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയെ സമീപിക്കാനൊരുങ്ങുകയാണ് കർണാടക. എന്നാൽ ഉത്തരവ് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നാണ് തമിഴ്നാടിന്‍റെ ആവശ്യം.

പ്രശ്നത്തിന് സൗഹാർദപരമായ പരിഹാരം കാണുന്നതിന്‍റെ ഭാഗമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയും കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിൽ ആഗസ്റ്റ് 3-ന് ബെംഗളൂരുവിൽ ചർച്ച നടത്തും. അതേസമയം തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷികൾ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കാവേരി വിഷയത്തിൽ സർവ്വകക്ഷി യോഗം വിളിക്കാൻ കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ തീരുമാനിച്ചു.