ആപ്പിളിന്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അടിസ്ഥാനമാക്കിയുള്ള വോയ്സ് അസിസ്റ്റന്റായ സിരിയുടെ പരിഷ്കരിച്ച പതിപ്പ് 2026 മാർച്ച് മാസത്തോടെ പുറത്തിറക്കുമെന്ന് റിപ്പോർട്ട്. ഈ പുതിയ സിരിയുടെ പ്രവർത്തനം ഗൂഗിൾ ജെമിനി എഐയെ അടിസ്ഥാനമാക്കിയായിരിക്കും എന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ജെമിനിയുടെ പിൻബലത്തോടെ, സിരിക്ക് ഉപഭോക്താക്കളോട് കൂടുതൽ മികച്ച രീതിയിൽ സംസാരിക്കാനും, സ്വാഭാവിക ഭാഷ മനസ്സിലാക്കാനും, സന്ദർഭോചിതമായി പ്രതികരിക്കാനും സാധിക്കും. ഈ എഐ സൗകര്യം ഐഫോണുകൾ, മാക്ക്, ഹോം ഡിവൈസുകൾ എന്നിവയിലുടനീളം ലഭിക്കും. ഇതിനു പുറമെ, എഐ സിരി സൗകര്യമുള്ള പുതിയ സ്മാർട്ട്ഹോം ഡിവൈസും ആപ്പിൾ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.
ഒരു ശക്തമായ ലാർജ് ലാംഗ്വേജ് മോഡൽ സ്വന്തമായി നിർമ്മിക്കാൻ ആപ്പിളിന് സാധിക്കാത്തതാണ് ഈ പങ്കാളിത്തത്തിന് കാരണം. ആൻഡ്രോയിഡ് ഫോണുകളിലെ എഐ സംവിധാനത്തെ വെല്ലുവിളിക്കാൻ ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ കമ്പനിക്ക് നേരിട്ട വെല്ലുവിളിയും ഇതായിരുന്നു. അതിനാൽ, ആപ്പിൾ ഉപകരണങ്ങളിലെ ചില ജോലികൾ ചെയ്യാൻ ശബ്ദ നിർദേശം അനുസരിച്ച് പ്രവർത്തിക്കുന്ന വോയ്സ് അസിസ്റ്റൻ്റ് എന്നതിൽ നിന്ന് മാറി, സ്വാഭാവികമായ ഭാഷ തിരിച്ചറിയാനും സംഭാഷണരൂപേണ മറുപടി നൽകാനും സാധിക്കുന്ന ഒരു എഐ അസിസ്റ്റന്റായി സിരി പരിവർത്തനം ചെയ്യപ്പെടും.
