ചെന്നൈ: ഐപിഎല്‍ 2027 സീസണിന് മുന്നോടിയായി വന്‍ മാറ്റങ്ങള്‍ക്ക് കളമൊരുങ്ങുന്നു. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ തങ്ങളുടെ തട്ടകത്തിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ശ്രമം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇരു ഫ്രാഞ്ചൈസികളും തമ്മില്‍ താര കൈമാറ്റത്തിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഡീല്‍ യാഥാര്‍ത്ഥ്യമായാല്‍ ഹാര്‍ദിക്കിന് പകരം പ്രധാനപ്പെട്ട രണ്ട് താരങ്ങളെ ചെന്നൈ മുംബൈയ്ക്ക് വിട്ടുനൽകും.
എന്നാല്‍ താര കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരു ഫ്രാഞ്ചൈസികളും തമ്മില്‍ ചില തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. ഹാര്‍ദിക് പാണ്ഡ്യക്ക് പകരമായി തങ്ങളുടെ യുവതാരം ആയുഷ് മാത്രെയെ വിട്ടുനൽകണമെന്നാണ് മുംബൈ ഇന്ത്യന്‍സിന്റെ ആവശ്യം. എന്നാല്‍ 19കാരനായ മാത്രെയെ ഒരു കാരണവശാലും കൈവിടാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തയ്യാറായിട്ടില്ല.
ഇതിന് പകരമായി വെടിക്കെട്ട് താരം ശിവം ദുബെ, ദക്ഷിണാഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസ് എന്നിവരെ നല്‍കാമെന്നാണ് ചെന്നൈയുടെ വാഗ്ദാനം. മുംബൈയുമായുള്ള ഈ ഡീല്‍ നടപ്പായില്ലെങ്കില്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അടക്കമുള്ള മറ്റ് പ്രമുഖ ടീമുകളും ഹാര്‍ദിക്കിനായി രംഗത്തുണ്ട്.
