ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി ആർഎസ്എസ്മേധാവി മോഹൻ ഭാഗവത് രംഗത്ത്. പുതുതലമുറയുമായി സംവദിക്കേണ്ടത് അനിവാര്യം. കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നാണ് ആർഎസ്എസ് നിലപാടെന്നാണ് മോഹൻ ഭാഗവത് പറയുന്നു. കേട്ടെഴുത്തല്ല, ചർച്ചയാണ് വേണ്ടതെന്നും ആജ്ഞയല്ല, സമവായമാണ് വേണ്ടതെന്നും ആർഎസ്എസ് പറഞ്ഞു. അനുസരണ മാത്രം പ്രതീക്ഷിക്കുന്ന പഴയ രീതിയിൽ നിന്ന് മാറി, പുതിയ തലമുറയുടെ ചോദ്യങ്ങൾക്ക് സ്നേഹത്തോടെയും സഹനത്തോടെയും മറുപടി നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടന്ന ‘സമകാലീന മാതൃത്വം’ വിഷയത്തിലുള്ള വിശ്വ മംഗല്യ സഭയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ യുവതലമുറ നിർദ്ദേശങ്ങൾ ചോദ്യം ചെയ്യാതെ അംഗീകരിക്കുന്നില്ലെന്നും, അവർക്ക് കാരണങ്ങൾ മനസിലാക്കാനുള്ള താൽപര്യം കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നത്തെ തലമുറ ചോദ്യങ്ങൾ ചോദിക്കുന്നവരാണ്. അങ്ങനെയുള്ളവർക്കു മറുപടി നൽകുകയും അവർക്കൊപ്പം സമയം ചെലവഴിക്കുകയും വേണം. ഇന്ന് കുടുംബങ്ങളിൽ പോലും അവരുമായുള്ള സംവാദം കുറഞ്ഞു. അവരുമായി ആശയവിനിമയം നടത്താതെ പോകുന്നത് ഗുണം ചെയ്യില്ല എന്നും ആർഎസ്എസ് പറയുന്നു.
കേന്ദ്ര വിദ്യാഭ്യസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കായി വിദ്യാർത്ഥികൾ സമരം കടുപ്പിക്കുമ്പോഴാണ് ആർഎസ്എസ്‌ന്റെ നിലപാടെന്നത് ശ്രദ്ധേയം. ധർമേന്ദ്ര പ്രധാനെ സംരക്ഷിക്കാൻ ബിജെപി തീരുമാനമെടുത്തിരിക്കുന്ന ഘട്ടത്തിൽ ആർഎസ്എസ്‌ന്റെ പരോക്ഷ വിമർശനം കേന്ദ്ര സർക്കാരിനെ വെട്ടിലാക്കുന്നതാണ്.
