കൊല്ലം: ഭാര്യ തന്നോട് പിണങ്ങിപ്പോകാൻ കാരണം അമ്മയാണെന്ന് ആരോപിച്ച് മാതാവിനെ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ. കൊല്ലം തൊടിയൂർ മുഴങ്ങോടി പുത്തൻപുരയിൽ വീട്ടിൽ രാജേഷ് (56) ആണ് അമ്മ സരസ്വതിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പ്രതിയെ കരുനാഗപ്പള്ളി പോലീസ് പിടികൂടി റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം വീട്ടിനുള്ളിൽ വെച്ച് അമ്മയുമായി വഴക്കുണ്ടാക്കിയ രാജേഷ്, തർക്കത്തിനിടയിൽ വെട്ടുകത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു.
വലതുകയ്യിൽ വെട്ടേറ്റ സരസ്വതി പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, പുറകെ ഓടിച്ചെന്ന രാജേഷ് വീണ്ടും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ മുഖത്തും കൈയ്ക്കും ഗുരുതരമായി വെട്ടേറ്റ സരസ്വതിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലുള്ള സരസ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. മകൻ തന്നെ മുൻപും ഉപദ്രവിക്കാറുണ്ടെന്ന് ഇവർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കരുനാഗപ്പള്ളി എ.സി.പി സി. ജോണിന്റെ നിർദ്ദേശപ്രകാരം എസ്.എച്ച്.ഒ പ്രവീൺ എസ്.ബിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
