Home » Blog » Kerala » വസ്ത്രങ്ങളും ഇനി വൻവില നൽകി വാങ്ങേണ്ടി വരുമോ? ജാക്കറ്റുകളുടെയും ലെഗ്ഗിങ്സിന്റെയും വില കുത്തനെ ഉയരാൻ സാധ്യത
images - 2026-07-22T190928.273

ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിയും ഗള്‍ഫിലെ യുദ്ധവും വരും നാളുകളില്‍ വസ്ത്രങ്ങളുടെ വില കുത്തനെ കൂട്ടാന്‍ പോകുകയാണ്. പോളിസ്റ്റര്‍, നൈലോണ്‍, സ്പാന്‍ഡെക്‌സ് തുടങ്ങിയ സിന്തറ്റിക് നാരുകളെല്ലാം പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ നിന്നാണ് നിര്‍മ്മിക്കുന്നത് എന്നതുതന്നെയാണ് ഇതിന് പ്രധാന കാരണം. എണ്ണവില വര്‍ധനവ് പെട്രോള്‍, ഡീസല്‍ വിലകളെ മാത്രമല്ല വസ്ത്രവിപണിയെയും നിശബ്ദമായി ബാധിക്കുന്നുണ്ട്.

 

അസംസ്‌കൃത വസ്തുക്കളുടെ വിതരണം തടസപ്പെടുമെന്ന ഭയം വസ്ത്ര നിര്‍മ്മാതാക്കള്‍ക്കിടയിൽ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് പോളിസ്റ്റർ നൂൽ ഉൽപ്പാദിപ്പിക്കുന്ന തോങ്കുൻ ഗ്രൂപ്പ് പോലുള്ള ചില കമ്പനികൾക്ക് താൽക്കാലികമായി ലാഭം നേടിക്കൊടുത്തുവെങ്കിലും, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞ ഹെങ്ലി പെട്രോകെമിക്കൽ പോലെയുള്ള കമ്പനികൾക്ക് ഉൽപ്പാദനം നിർത്തിവെക്കേണ്ടി വന്നിട്ടുണ്ട്. ചൈനയിലെ സിന്തറ്റിക് ഫൈബർ ഉൽപ്പാദനം ഈ ഏപ്രിലിൽ 2024-ലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.

 

പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ച് പ്ലാസ്റ്റിക്ക് ഗോഡൗണുകളിൽ സൂക്ഷിക്കാൻ എളുപ്പമാണെന്നത് കുറച്ചുകാലം പിടിച്ചുനിൽക്കാൻ വിപണിയെ സഹായിക്കുന്നുണ്ട്. എങ്കിലും കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം കുറയുകയും ശേഖരം തീരുകയും ചെയ്യുന്നതോടെ ഈ ആശ്വാസം അധികകാലം നീണ്ടുനിൽക്കില്ല. സാറ, എച്ച്&എം തുടങ്ങിയ ബ്രാൻഡുകൾക്ക് റീസൈക്കിൾ ചെയ്ത നാരുകൾ ഉപയോഗിക്കുന്നത് ഒരു പരിധി വരെ ആശ്വാസമാകുന്നുണ്ട്.

 

പരുത്തി പോലെയുള്ള പ്രകൃതിദത്ത നാരുകളിലേക്ക് തിരിഞ്ഞാലും വലിയ രക്ഷയില്ലെന്നതാണ് അവസ്ഥ. ലോകത്ത് ഏറ്റവും കൂടുതൽ പരുത്തി ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമായ ഇന്ത്യ, വളം നിർമ്മിക്കാനാവശ്യമായ പ്രകൃതിവാതകത്തിനും യൂറിയയ്ക്കും ഗൾഫ് രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതിനിടയിൽ മെയ് മാസത്തിൽ പരുത്തിവില കഴിഞ്ഞ രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നുവെന്നതും, ലോകത്തെ പരുത്തി ശേഖരം കഴിഞ്ഞ ഒരു ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്നതും പ്രതിസന്ധി ഇരട്ടിയാക്കുന്നു.

 

ഈ സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും നാളെത്തന്നെ വസ്ത്രങ്ങളുടെ വിലയിൽ പ്രതിഫലിക്കില്ല. എങ്കിലും 2027 സാമ്പത്തിക വർഷത്തേക്കാൾ 2028 മാർച്ചോടെയാകും വിലക്കയറ്റം ഉപഭോക്താക്കൾക്ക് ശരിക്കും അനുഭവപ്പെട്ടുതുടങ്ങുക, അങ്ങനെയൊന്ന് സംഭവിച്ചാൽ അത് ദീർഘകാലത്തേക്ക് തുടരുകയും ചെയ്യും.