തിരുവനന്തപുരം: ദേശാഭിമാനിയെ കുറിച്ച് നടക്കുന്നത് തെറ്റായ പ്രചാരണങ്ങളെന്ന് സിപിഎം നേതാവ് എം.സ്വരാജ്. ദേശാഭിമാനിയിൽ വരുന്ന ലേഖനങ്ങളിലോ ഉള്ളടക്കങ്ങളിലോ മാധ്യമങ്ങൾക്ക് വിശദീകരണം നൽകേണ്ട ആവശ്യമില്ല. അച്ചടിച്ച പത്രം വിതരണം ചെയ്തില്ല എന്ന് പ്രചരിപ്പിച്ചു. എല്ലാ വാർത്തകളും തെറ്റാണ്. വി.എസ് അനുസ്മരണം ഒഴിവാക്കിയെന്നും ലേഖനം അച്ചടിക്കാൻ തീരുമാനിച്ചു എന്നുമുള്ള വാർത്തകളെല്ലാം തെറ്റാണെന്ന് സ്വരാജ് പറഞ്ഞു.
സാങ്കേതിക കാരണങ്ങളാലാണ് പത്രം അച്ചടിക്കാൻ വൈകിയത്. വാരാന്തപതിപ്പിലേക്ക് നൂറുകണക്കിന് സൃഷ്ടികൾ വരും. ചിലത് പ്രസിദ്ധീകരിക്കും, ചിലത് മാറ്റിവെക്കും. അത് മാധ്യമങ്ങളോട് വിശദീകരിക്കേണ്ട കാര്യമില്ല. ദേശാഭിമാനിയിൽ എന്ത് കൊടുക്കണം, കൊടുക്കേണ്ട എന്ന് മറ്റുള്ളവർ തീരുമാനിക്കേണ്ട. കെ.ആർ അജയനെതിരെ നടപടിയെടുത്തിട്ടില്ല. എടുത്താൽപോലും മറ്റു സ്ഥാപനങ്ങൾക്ക് അതിൽ എന്താണ് കാര്യമെന്നും സ്വരാജ് ചോദിച്ചു. സ്ഥാപനത്തിന്റെ അച്ചടക്കം സംബന്ധിച്ച് നടപടിയെടുക്കേണ്ട സാഹചര്യമുണ്ടായാൽ അതുണ്ടാവും. ഇല്ലെങ്കിൽ ഉണ്ടാവില്ല. ദേശാഭിമാനിയിലേക്ക് ആർക്കും രചനകൾ അയക്കാം. അത് പ്രസിദ്ധീകരിക്കണോ എന്ന് ദേശാഭിമാനി തീരുമാനിക്കും. വാരാന്തപതിപ്പിന്റെ ഇപ്പോഴത്തെ ചുമതല ആർക്കാണ് എന്ന ചോദ്യത്തിന് അത് ദേശാഭിമാനിയുടെ ആഭ്യന്തര കാര്യമാണ് എന്നായിരുന്നു സ്വരാജിന്റെ മറുപടി.
