Home » Blog » kerala Max » പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; ഡൽഹി പൊലീസ് നടപടിയെ അതിരൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ
vm-sudheeran

<strong>തിരുവനന്തപുരം</strong>: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കിരാതമായ ഭരണകൂട ഭീകരതയാണ് ഇന്ന് ഡല്‍ഹിയില്‍ അരങ്ങേറിയതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെ സി വേണുഗോപാലും ഉള്‍പ്പെടെ ഇന്ത്യന്‍ ജനതയെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികളെ സാമാന്യ മര്യാദ പോലും പാലിക്കാതെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത മോദി ഭരണകൂടത്തിന്റെ നടപടി നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്നും അത്യന്തം പ്രതിഷേധാര്‍ഹമായ ആ ഫാസിസ്റ്റ് നടപടിയെ അതിശക്തമായി അപലപിക്കുകയാണെന്നും വി എം സുധീരന്‍ പറഞ്ഞു. ജനവിരുദ്ധ നീക്കങ്ങളില്‍ സര്‍വകാല റെക്കോര്‍ഡ് സ്ഥാപിച്ച മോദി ഭരണകൂടത്തിന്റെ അന്ത്യത്തിന്റെ ആരംഭമാണ് കുറിയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയ്ക്ക് മുന്നിലെ പ്രതിഷേധത്തിനിടെ ഡൽഹി പൊലീസ് രാഹുൽ ഗാന്ധിയെ ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയ്ക്ക് നേരെ പൊലീസിന്റെ ബലപ്രയോഗമുണ്ടായി. രാഹുല്‍ ഗാന്ധി പിടിവലിക്കിടെ നിലത്തുവീണു. രാഹുലിനെ വലിച്ചിഴച്ച് വാഹനത്തിൽ കയറ്റാനാണ് പൊലീസ് ശ്രമിച്ചത്. പിടിവലിക്കിടെ രാഹുൽ ഗാന്ധിക്ക് പരിക്കേറ്റു. രാഹുലിന്റെ മൂക്കിനാണ് പരിക്കേറ്റത്. രക്തമൊലിപ്പിച്ച മുഖവുമായി രാഹുല്‍ പൊലീസ് വാഹനത്തിലിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ‘ഇതാണ് ഇന്ത്യയിലെ ജനാധിപത്യം’ എന്നാണ് ബലം പ്രയോഗിച്ച് തന്നെ നീക്കാന്‍ ശ്രമിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞത്.