<strong>ഡൽഹി</strong> : ലോകകപ്പ് വാച്ച് പാർട്ടിക്ക് ശേഷമുള്ള സാധാരണ പരിശോധനയ്ക്കിടെ അമേരിക്കയിലെ കൻസാസ് സിറ്റിയിൽ നടന്നത് ഏവരെയും ഞെട്ടിക്കുന്ന നാടകീയ സംഭവങ്ങൾ. ഫിഫ ലോകകപ്പ് പബ്ലിക് വാച്ച് പാർട്ടിക്ക് ശേഷം മൈതാനത്ത് സ്ഥാപിച്ചിരുന്ന താൽക്കാലിക ശൗചാലയങ്ങൾ എടുത്തു മാറ്റാൻ ജീവനക്കാർ എത്തിയപ്പോഴാണ് ഉള്ളിൽ നിന്ന് സഹായം അഭ്യർത്ഥിച്ചുള്ള വിചിത്ര ശബ്ദം കേട്ടത്.
വാതിലുകൾ ഓരോന്നായി പരിശോധിച്ച ജീവനക്കാരൻ ഒരു ടോയ്‌ലറ്റ് മാത്രം അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തി. ഉടൻ തന്നെ പത്ത് മിനിറ്റിനുള്ളിൽ വാഹനം ഇത് കൊണ്ടുപോകുമെന്നും വേഗത്തിൽ പുറത്തിറങ്ങണമെന്നും ജീവനക്കാരൻ ആവശ്യപ്പെട്ടെങ്കിലും അകത്തിരുന്നയാൾ പ്രതികരിച്ചില്ല. തുടർന്ന് സമീപത്തുണ്ടായിരുന്ന പൊലീസിന്റെ സഹായത്തോടെ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം പുറത്തുവന്നത് തനിക്ക് പുറത്തേക്ക് വരാൻ കഴിയുന്നില്ലെന്നും താൻ ടോയ്‌ലറ്റിനുള്ളിലാണെന്നുമായിരുന്നു അകത്തിരുന്നയാളുടെ മറുപടി.
തുടർന്ന് വെന്റിലേഷനിലൂടെയും മറ്റും പരിശോധിച്ചെങ്കിലും ആരെയും കാണാൻ സാധിച്ചിരുന്നില്ല. ഒടുവിൽ ടോയ്‌ലറ്റ് സീറ്റിന്റെ മൂടി തുറന്ന് നോക്കിയപ്പോഴാണ് ആ മനുഷ്യൻ സീറ്റിനടിയിലെ മലമൂത്രവിസർജ്ജനം സംഭരിക്കുന്ന ഇടുങ്ങിയ മാലിന്യ ടാങ്കിനുള്ളിലേക്ക് പൂർണ്ണമായി വീണുപോയെന്ന് ഉദ്യോഗസ്ഥർക്ക് മനസ്സിലായത്. സ്വയം രക്ഷപ്പെടാൻ കഴിയാതെ വന്നതോടെ ഫയർഫോഴ്‌സ് സംഘത്തെ വിളിച്ചുവരുത്തി പ്ലാസ്റ്റിക് പാളി വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്.ഏകദേശം എട്ട് മണിക്കൂറോളമാണ് ഇയാൾ രാസവസ്തുക്കളും മാലിന്യങ്ങളും നിറഞ്ഞ ടാങ്കിനുള്ളിൽ കഴിഞ്ഞത്.
തലേദിവസം രാത്രി താൻ കുടിക്കാൻ വാങ്ങിയ സോഫ്റ്റ് ഡ്രിങ്ക് കുപ്പി അബദ്ധത്തിൽ ടോയ്‌ലറ്റ് ടാങ്കിലേക്ക് വീണുപോയെന്നും, അത് എടുക്കാൻ വേണ്ടിയിറങ്ങിയപ്പോഴാണ് താൻ ടാങ്കിനുള്ളിൽ കുടുങ്ങിപ്പോയെന്നുമാണ് യുവാവ് പിന്നീട് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. രക്ഷാപ്രവർത്തനത്തിന് ശേഷം ദുർഗന്ധം വമിച്ച ഇയാളെ ഫയർ ട്രക്കിലെ വാട്ടർ ഹോസ് പൈപ്പ് ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കിയാണ് വിട്ടയച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ വൈറലായിരിക്കുകയാണ്.
