കാൻപൂർ: സർക്കാർ ജോലിക്കായുള്ള നിരന്തര പരിശ്രമങ്ങൾ പരാജയപ്പെട്ടതിൽ മനംനൊന്ത് 23-കാരനായ ബി.ടെക് സ്വർണ്ണമെഡൽ ജേതാവ് ജീവനൊടുക്കി. ഉത്തർപ്രദേശിലെ കാൻപൂരിൽ ഗുജാനി ഗോവിന്ദ് സംഭവം. സ്വകാര്യ എൻജിനിയറിംഗ് കോളേജിൽ നിന്ന് ഉയർന്ന മാർക്കോടെ പഠനം പൂർത്തിയാക്കിയ ആനന്ദ് (23) ആണ് സ്വന്തം വീട്ടിൽ ജീവനൊടുക്കിയത്. കുടുംബാംഗങ്ങൾ മൂത്ത സഹോദരന്റെ വിവാഹ നിശ്ചയ ആവശ്യങ്ങൾക്കായി ബിഹാറിലേക്ക് പോയ സമയത്തായിരുന്നു സംഭവം.
വീട്ടിലെ ജോലിക്കാരി വന്ന് പലതവണ വാതിലിൽ മുട്ടിയിട്ടും തുറക്കാത്തതിനെ തുടർന്ന് അയൽക്കാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് ആനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് അഞ്ച് വരികൾ മാത്രമുള്ള ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. “അച്ഛാ എന്നോട് ക്ഷമിക്കണം. അൻപത് തവണയോളം സർക്കാർ ജോലിക്കായി ഞാൻ ശ്രമിച്ചു, പക്ഷേ വിജയിക്കാനായില്ല. എന്നോട് ക്ഷമിക്കണം” എന്നായിരുന്നു ആനന്ദിന്റെ ആത്മഹത്യാക്കുറിപ്പിലെ വാക്കുകൾ.
റെയിൽവേ, എസ്.എസ്.സി, ബാങ്ക്, അധ്യാപക തസ്തികകൾ ഉൾപ്പെടെ വിവിധ സർക്കാർ പരീക്ഷകൾ എഴുതിയെങ്കിലും ജോലി നേടാനാകാത്തത് ഇയാളെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. 2024-ൽ ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിഭാഗത്തിൽ ഒന്നാം റാങ്കോടെയാണ് ആനന്ദ് ബി.ടെക് പൂർത്തിയാക്കിയത്. ഉത്തർപ്രദേശ് സംസ്ഥാന തലത്തിൽ മൂന്നാം റാങ്കും ആനന്ദിനുണ്ടായിരുന്നു. പഠനമികവിന് 2024 ഓഗസ്റ്റ് 13-ന് നടന്ന കോളേജ് ചടങ്ങിൽ വെച്ച് ഇയാൾക്ക് സ്വർണ്ണമെഡൽ നൽകി ആദരിച്ചിരുന്നു.
