ഡൽഹി: ഡൽഹിയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ട് ജില്ലാ ജഡ്ജിമാരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് ഡൽഹി ഹൈക്കോടതിയുടെ അസാധാരണ നടപടി. സാകേത് ജില്ലാ കോടതിയിലെ ജഡ്ജി വീണാ റാണി, തീസ് ഹസാരി കോടതിയിലെ ജഡ്ജി വിനയ് സിംഗാൾ എന്നിവരെയാണ് ഹൈക്കോടതി സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലയളവിൽ മുൻകൂർ അനുമതിയില്ലാതെ ഇരുവരും ഡൽഹി നഗരം വിട്ടുപോകരുതെന്നും ഹൈക്കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
അച്ചടക്ക നടപടികളുടെ ഭാഗമായാണ് ഇരുവരെയും സസ്പെൻഡ് ചെയ്തതെന്നാണ് വിവരം. നിലവിൽ സസ്പെൻഷനിലേക്ക് നയിച്ച കൃത്യമായ കാരണങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. സസ്പെൻഷനിലായ രണ്ടുപേരും കൊമേഴ്സ്യൽ കോടതികളിലെ ജഡ്ജിമാരാണ്. ജൂലൈ പത്തിന് ചേർന്ന ഡൽഹി ഹൈക്കോടതിയുടെ ഫുൾകോർട്ട് യോഗത്തിലാണ് ജഡ്ജിമാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ഏകകണ്ഠമായി തീരുമാനിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ തീരുമാനത്തിന് പിന്നാലെ ആദ്യം വിനയ് സിംഗാളിനെയും തൊട്ടടുത്ത ദിവസങ്ങളിൽ വീണാ റാണിയെയും സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങുകയായിരുന്നു.
