ന്യൂഡൽഹി: ലൈംഗികാതിക്രമ കേസുകൾ പരിഗണിക്കുമ്പോൾ ജഡ്ജിമാർ പാലിക്കേണ്ട മാർഗനിർദേശങ്ങൾ എല്ലാ ഹൈക്കോടതികളുടെയും സുപ്രീംകോടതിയുടെയും വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കാൻ ഉത്തരവിട്ട സുപ്രീംകോടതി. നാഷണൽ ജുഡീഷ്യൽ അക്കാദമി തയ്യാറാക്കിയ റിപ്പോർട്ടാണ് പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ നിർദേശം നൽകിയിരിക്കുന്നത്. ജഡ്ജിമാർ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ നിയമപരമായും സാമൂഹികമായും കൂടുതൽ സൂക്ഷ്മത പാലിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം.
ലൈംഗികാതിക്രമ കേസുകളിൽ വിവാദപരമായ ചില ഹൈക്കോടതി നിരീക്ഷണങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. പെൺകുട്ടിയുടെ വസ്ത്രത്തിന്റെ വള്ളി അഴിക്കുന്നതും മാറിടത്തിൽ സ്പർശിക്കുന്നതും ബലാത്സംഗശ്രമമായി കണക്കാക്കാനാവില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ മുൻവിധിക്കു പിന്നാലെയാണ് ജഡ്ജിമാർക്കുള്ള മാർഗനിർദേശ റിപ്പോർട്ട് തയ്യാറാക്കിയത്. വാദത്തിനിടെ മുതിർന്ന അഭിഭാഷക ശോഭ ഗുപ്ത, സമാനമായ നിരീക്ഷണങ്ങൾ ഇപ്പോഴും വിവിധ കോടതികളിൽ ഉണ്ടാകുന്നുണ്ടെന്ന് സുപ്രീംകോടതിയെ അറിയിച്ചു. സ്ത്രീയുടെ സൽവാർ അഴിക്കുന്നതും മാറിടത്തിൽ സ്പർശിക്കുന്നതും ബലാത്സംഗശ്രമമല്ലെന്ന് പട്ന ഹൈക്കോടതി അടുത്തിടെ നടത്തിയ നിരീക്ഷണവും അവർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഇത്തരം വിഷയങ്ങളിൽ സുപ്രീംകോടതി നേരത്തെ നൽകിയ നിർദേശങ്ങൾ പട്ന ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നോയെന്ന് ജസ്റ്റിസ് വി. മോഹൻ ചോദിച്ചു. ഇത്തരം കേസുകളിൽ നിയമപരമായ ഗവേഷണവും സുപ്രീംകോടതിയുടെ മുൻവിധികളും പരിശോധിക്കേണ്ട ഉത്തരവാദിത്വം ജഡ്ജിമാർക്കുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. റിപ്പോർട്ടിലെ മാർഗനിർദേശങ്ങൾ എല്ലാ കോടതികളും കർശനമായി പാലിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുമ്പോഴും കുറ്റപത്രം സമർപ്പിക്കുമ്പോഴും ഈ മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തിയ ഹാൻഡ്ബുക്ക് പിന്തുടരാൻ സംസ്ഥാന സർക്കാരുകൾ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച വിശദമായ വിധി പിന്നീട് പ്രസിദ്ധീകരിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
സ്ത്രീയുടെ സൽവാർ അഴിക്കുന്നതും മാറിടത്തിൽ സ്പർശിക്കുന്നതും മാത്രം ബലാത്സംഗശ്രമം തെളിയിക്കാൻ പര്യാപ്തമല്ലെന്നും, അത് സ്ത്രീത്വത്തിനുനേരെയുള്ള അപമാനമായി കണക്കാക്കാമെങ്കിലും ബലാത്സംഗശ്രമത്തിന് ആവശ്യമായ നിയമപരമായ ഘടകങ്ങൾ അതിലൂടെ തെളിയുന്നില്ലെന്നുമായിരുന്നു പട്ന ഹൈക്കോടതിയുടെ നിരീക്ഷണം. ബലാത്സംഗശ്രമക്കേസിൽ വിചാരണക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഈ പരാമർശം നടത്തിയത്.
