Home » Blog » Kerala » ‘പ്രിയദർശിനി’യ്ക്ക് ഒരു മാസം: വനിതാ യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ചുവെന്നും മറ്റൊരു സർക്കാർ പദ്ധതിക്കും ലഭിക്കാത്ത ജനപിന്തുണയാണ് ലഭിക്കുന്നതെന്നും ​ഗതാ​ഗത മന്ത്രി; സ്വകാര്യ ബസുകളെ പ്രതിസന്ധിയിലാക്കിയെന്ന് ഉടമകൾ
8

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ഇന്ദിരാ ഗ്യാരന്റിയായ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി ഒരു മാസം പൂർത്തിയാക്കി. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന പദ്ധതിക്ക് മികച്ച ജനപിന്തുണയാണ് ലഭിച്ചതെന്ന് സർക്കാരിന്റെ വിലയിരുത്തൽ.

പദ്ധതി ആരംഭിച്ചതിന് ശേഷം കെ.എസ്.ആർ.ടി.സിയിലെ പ്രതിദിന വനിതാ യാത്രക്കാരുടെ എണ്ണം 7.25 ലക്ഷത്തിൽ നിന്ന് 11.84 ലക്ഷമായി ഉയർന്നു. ഇതിലൂടെ ലക്ഷക്കണക്കിന് സ്ത്രീകൾക്ക് പ്രതിമാസ യാത്രാച്ചെലവിൽ ഗണ്യമായ ലാഭമുണ്ടാകുന്നതായും സർക്കാർ ചൂണ്ടിക്കാട്ടുന്നു. കുടുംബ ബജറ്റിന് ആശ്വാസം നൽകാൻ പദ്ധതിക്ക് കഴിഞ്ഞതായും വിലയിരുത്തപ്പെടുന്നു.

അതേസമയം, പദ്ധതിയുടെ പ്രതിഫലനം സ്വകാര്യ ബസ് മേഖലയെ ഗുരുതരമായി ബാധിച്ചെന്നാണ് ബസ് ഉടമകളുടെ ആരോപണം. ഒരു മാസത്തിനിടെ ഏകദേശം 65 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടായതായും, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് 500-ലധികം സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെച്ചതായും അവർ പറയുന്നു. ഡീസൽ ചെലവും ജീവനക്കാരുടെ വേതനവും കണ്ടെത്താൻ പോലും ബുദ്ധിമുട്ടുന്ന സാഹചര്യമാണെന്നും ഉടമകൾ വ്യക്തമാക്കുന്നു.

പ്രതിസന്ധി പരിഹരിക്കുന്നതിനായി ഗതാഗത മന്ത്രി സി.പി. ജോൺ സ്വകാര്യ ബസ് ഉടമകളുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. മുൻ ഗതാഗത കമ്മീഷണർ കെ. പദ്മകുമാർ അധ്യക്ഷനായ അഞ്ചംഗ വിദഗ്ധ സമിതിയെയും സർക്കാർ നിയോഗിച്ചു. ആറാഴ്ചയ്ക്കകം സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ബസുകൾക്ക് സബ്‌സിഡിയോ മറ്റ് ഇളവുകളോ നൽകുന്ന കാര്യം സർക്കാർ തീരുമാനിക്കും.

അതേസമയം, പദ്ധതി വലിയ വിജയമാണെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ പറഞ്ഞു. സമീപകാലത്ത് മറ്റൊരു സർക്കാർ പദ്ധതിക്കും ലഭിക്കാത്ത ജനപിന്തുണയാണ് പ്രിയദർശിനിക്ക് ലഭിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ ജീവിതത്തിലും കുടുംബ സാമ്പത്തിക രംഗത്തും പദ്ധതി ഗുണപരമായ മാറ്റമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പദ്ധതി മറ്റ് വിഭാഗം ബസുകളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ഗതാഗത മേഖലയെ ആകെ നവീകരിക്കുന്ന പുതിയ ഗതാഗത നയം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.