ജമ്മു കശ്മീരിലെ വൈഷ്ണോദേവി ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച വെള്ളി വഴിപാടുകളിൽ വൻ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. 550 കോടി രൂപയോളം വിലമതിക്കുമെന്ന് കരുതിയ 20 ടൺ വെള്ളി ഉരുക്കാനായി ക്ഷേത്ര ബോർഡ് സർക്കാരിലേക്ക് അയച്ചപ്പോഴാണ് സംഭവം പുറത്തായത്. ഈ വെള്ളി പരിശോധിച്ചപ്പോൾ, അതിൽ അഞ്ചുശതമാനം മാത്രമാണ് യഥാർത്ഥ വെള്ളിയുള്ളതെന്നും ബാക്കി 95 ശതമാനം കാഡ്മിയം, ഇരുമ്പ് തുടങ്ങിയ ലോഹങ്ങളാണെന്നും തെളിഞ്ഞു. ഇതോടെ ഇതിന്റെ മൂല്യം വെറും 30 കോടി രൂപയായി കൂപ്പുകുത്തി.ഈ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ ക്രൈംബ്രാഞ്ചിനോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
ഭക്തർ സമർപ്പിച്ചതാണോ അതോ വഴിപാടുകളിൽ ഉദ്യോഗസ്ഥർ തിരിമറി നടത്തിയതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഈ മാസം 29-നകം അന്വേഷണ റിപ്പോർട്ടും സിസിടിവി ദൃശ്യങ്ങളും ഉൾപ്പെടെ ഹാജരാക്കാനാണ് നിർദേശം.അഭിഭാഷകനായ ദീപക് ശർമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ അടിയന്തര ഇടപെടൽ. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ നടന്നതായാണ് പരാതിയിൽ പറയുന്നത്. അതിനാൽ സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന പുണ്യക്ഷേത്രത്തിലെ ഈ വെട്ടിപ്പ് വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്.
