ഇടുക്കിയിൽ സഹോദരപുത്രനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ തങ്കമ്മ (82) മരിച്ചു. ആസിഡ് ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇവരുടെ മരണം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് സംഭവിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ നിന്ന് തങ്കമ്മയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.
അതേസമയം ഒക്ടോബർ 25-ന് വൈകിട്ടാണ് ഏറ്റുമാനൂർ കാട്ടാച്ചിറ സ്വദേശിനിയായ തങ്കമ്മ, സഹോദരപുത്രനായ സുകുമാരനെ കൊലപ്പെടുത്തിയത്. സ്വർണം പണയം വെച്ചതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ സോഫയിൽ കിടക്കുകയായിരുന്ന സുകുമാരൻ്റെ മുഖത്ത് പിന്നിലൂടെയെത്തി തങ്കമ്മ ആസിഡ് ഒഴിക്കുകയായിരുന്നു. ആസിഡ് ഉള്ളിൽ ചെന്ന് ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റാണ് സുകുമാരൻ മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
