Home » Blog » Kerala » മതികെട്ടാനില്‍ മുണ്ട് മടക്കിക്കുത്തി വിഎസ്; വയനാട് പിണറായി; ആഞ്ഞടിക്കുക ഇനി വിഎസ് സ്റ്റൈലിലോ
pinarayi1

വയനാട് മണ്ണിടിച്ചില്‍ ദുരന്തമുണ്ടായപ്പോള്‍ ഉടന്‍ ദുരന്തഭൂമിയില്‍ എത്താന്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഒട്ടും സമയമെടുത്തില്ല. തിരുവനന്തപുരത്ത് നിന്നും മണ്ണും ചെളിയും നിറഞ്ഞ കുഴമ്പ് രൂപത്തിലായ വയനാട് കള്ളാടിയില്‍ എത്തിയപ്പോള്‍ അദ്ദേഹം പ്രയാസപ്പെട്ടാണ് നടന്നത്. നടക്കുമ്പോള്‍ അദ്ദേഹം മുണ്ട് മടക്കിക്കുത്തി. മുണ്ട് മടക്കിക്കുത്തി നടക്കുന്ന പിണറായിയെ അങ്ങനെ കേരളം കണ്ടിട്ടില്ല. മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിനു മുണ്ട് മടക്കിക്കുത്തി പോകേണ്ട ആവശ്യവും വന്നില്ല.

മന്ത്രി എ.പി.അനില്‍ കുമാര്‍ മുണ്ട് മടക്കിക്കുത്തിയാണ് വയനാട് പിണറായിക്ക് ഒപ്പം നടന്നത്. പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും പാര്‍ട്ടി സെക്രട്ടറിയെറ്റ് അംഗം എം.വി.ജയരാജന്‍ അടക്കമുള്ളവരും മുണ്ടും മടക്കിക്കുത്തി തന്നെ ഒപ്പമുണ്ടായിരുന്നു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ മുണ്ട് മടക്കിക്കെട്ടി മതികെട്ടാന്‍ മലയില്‍ എത്തിയത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദനായിരുന്നു. പിണറായിയുടെ മുണ്ട് മടക്കിക്കുത്തിയ ദൃശ്യം കണ്ടവരില്‍ ചിലരെങ്കിലും ഓര്മ്മിക്കുക മതികെട്ടാനില്‍ മുണ്ട് മടക്കിക്കുത്തിയ വിഎസിനെയായിരിക്കും.

മതികെട്ടാനിലെ വന്‍തോതിലുള്ള ഭൂമി കയ്യേറ്റവും മരങ്ങള്‍ മുറിച്ച് നീക്കുന്നതും ശ്രദ്ധയില്‍പ്പെട്ടപ്പോഴായിരുന്നു അദ്ദേഹം മുണ്ട് മടക്കിക്കെട്ടി മതികെട്ടാന്‍ മല കയറിയത്. കേരളത്തിലെ പൊതുസമൂഹത്തില്‍ അദ്ദേഹത്തിനു ഏറെ ജനപ്രീതി നേടിക്കൊടുത്തത് 2002-ലെ ഈ സന്ദര്‍ശനമായിരുന്നു. അന്ന് അധികാരത്തിലിരുന്ന ആന്റണി സര്‍ക്കാരിന് വലിയ തലവേദനയായിരുന്നു വിഎസിന്റെ ഈ സന്ദര്‍ശനം. അടുത്ത വര്‍ഷം തന്നെ ആന്റണി സര്‍ക്കാരിന് മതികെട്ടാന്‍മല വനഭൂമി ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കേണ്ടി വന്നു എന്നത് വിഎസിന്റെ ഈ മതികെട്ടാന്‍ സന്ദര്‍ശനം കാരണമായിരുന്നു. മുണ്ടും മടക്കിക്കുത്തി ഇത്തരം ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്തതോടെ കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവായി വിഎസ് മാറി. 2006-ല്‍ അദ്ദേഹം മുഖ്യമന്ത്രിയുമായി മാറി.

ഇപ്പോള്‍ വിഎസിന്റെ പാത പിന്തുടര്‍ന്ന് മുണ്ടും മടക്കിക്കുത്തി പിണറായി ഇറങ്ങിയപ്പോള്‍ വിഎസിന്റെ രീതിയില്‍ പിണറായിയും ജനപ്രിയ വഴിയിലെക്കോ എന്ന തോന്നലാണ് ഉളവാക്കുന്നത്. മുണ്ട് മടക്കിക്കുത്തിയ പിണറായിയെ കണ്ട ഉടന്‍ സോഷ്യല്‍ മീഡിയയും ചര്‍ച്ചകള്‍ കൊഴുത്തു. നടക്കാന്‍ പ്രയാസമുള്ളതുകൊണ്ട് മുഖ്യമന്ത്രിയയായിരിക്കെ നവകേരള യാത്രയില്‍ അദ്ദേഹവും മന്ത്രിമാരും സഞ്ചരിച്ച ബസില്‍ വരെ ലിഫ്റ്റ്‌ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. അദ്ദേഹത്തിനു നടക്കാന്‍ പ്രയാസമുള്ളതിനാല്‍ നവകേരളയാത്രയ്ക്ക് ഉപയോഗിച്ച ബസ് കയറാന്‍ പല സ്കൂളുകളുടെയും മതിലുകള്‍ ഇടിച്ചതും വിവാദമായിരുന്നു. ഇതേ പിണറായിയാണ് നടക്കാന്‍ പോലും കഴിയാത്ത മണ്ണില്‍ മുണ്ടും മടക്കിക്കുത്തി നടക്കുന്നത് എന്നൊക്കെയുള്ള കമന്റുകളും വന്നു.

പിണറായിയുടെ കാലില്‍ മുട്ടിനു താഴെ രക്തം കട്ടപിടിച്ച രീതിയില്‍ അടയാളങ്ങള്‍ കണ്ടതും അദ്ദേഹം നടക്കുന്ന രീതിയുമൊക്കെ ചര്‍ച്ചയായി. എന്തായാലും കേരളം കാണാത്ത രീതിയില്‍ മുണ്ട് മടക്കിക്കെട്ടിയ പിണറായി സോഷ്യല്‍ മീഡിയകളില്‍ ചൂടന്‍ ചര്‍ച്ചയായി. കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശനത്തിനു ശേഷം അദ്ദേഹം മുഖ്യമന്ത്രി സതീശനെതിരെ ആഞ്ഞടിച്ച് സംസാരിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവായതോടെ സാധാരണക്കാരില്‍ സാധാരണക്കാരന്‍റെ രീതിയാണ് പിണറായി പിന്തുടരുന്നത്. വിഎസ് സ്റ്റൈലില്‍ മുണ്ടും മടക്കിക്കുത്തി ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ഇടതുമുന്നണിയെ വീണ്ടും അധികാരലെത്തിക്കുന്ന ജനപ്രിയ നേതാവിന്റെ റോളിലാകുമോ പിണറായിയെ എന്നാണ് ഇനി അറിയാനുള്ളത്.