Home » Blog » kerala Max » നെയ്യാറ്റിൻകരയിൽ രോഗി മരിച്ച സംഭവം; ഉന്നതരെ രക്ഷിക്കാൻ സെക്യൂരിറ്റി ജീവനക്കാരനെ ബലിയാടാക്കിയെന്ന് വിമർശനം
images (76)

<strong>തിരുവനന്തപുരം</strong>: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി വി ശിവന്‍കുട്ടി. നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ രാജേഷ് മരിച്ച വിഷയത്തിലെ വീഴ്ചയില്‍ സെക്യൂരിറ്റി ജീവനക്കാരനെ ബലിയാടാക്കി ഉന്നതരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ശിവൻകുട്ടി ആരോപിച്ചു.കേരളത്തിലെ ആരോഗ്യ മേഖലയില്‍ നിലനില്‍ക്കുന്ന ഗുരുതരമായ സാഹചര്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വിവിധ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുകയാണ്. ഇതിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തണം. ഭരണപക്ഷ, പ്രതിപക്ഷ എംഎല്‍എമാരെ ഉള്‍പ്പെടുത്തി ഇക്കാര്യത്തില്‍ കൃത്യമായ ആലോചനയും കര്‍മ്മപദ്ധതിയും ആവിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിസന്ധി ഘട്ടത്തില്‍ നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ആരോഗ്യവകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും മാത്രമല്ല, ശുചീകരണ തൊഴിലാളികള്‍ വരെ ഉള്‍പ്പെടുന്ന ഒരു കൂട്ടായ പ്രവര്‍ത്തനമാണ് ഈ ഘട്ടത്തില്‍ അനിവാര്യം.നിലവില്‍ ഡിഎച്ച്എസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളില്‍ നിലനില്‍ക്കുന്ന അധികാര തര്‍ക്കങ്ങളും ആശയക്കുഴപ്പങ്ങളും അവസാനിപ്പിച്ച്, ആരോഗ്യ മേഖലയെ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണം.

കൊവിഡ് കാലത്ത് സംസ്ഥാനത്ത് കാണിച്ച ജാഗ്രതയും കൂട്ടായ പ്രവര്‍ത്തനവും ഇപ്പോഴത്തെ സാഹചര്യത്തിലും ഉണ്ടാവണം.എന്നാല്‍, നിലവിലെ സര്‍ക്കാര്‍ വളരെ ലാഘവത്തോടെയാണ് ഈ പ്രശ്‌നത്തെ സമീപിക്കുന്നത്. ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ട സാഹചര്യത്തില്‍, പ്രായോഗികമായ നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.