Home » Blog » kerala Max » ആഗോള സെമികണ്ടക്ടർ മേഖലയ്ക്ക് മുതൽക്കൂട്ടായി ‘കായ്സെമി’; ടെക്നോപ്പാർക്കിലെ പുതിയ ഓഫീസ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു
14
തിരുവനന്തപുരം: ലോകമെമ്പാടും വൻ ഡിമാൻഡുള്ള സെമികണ്ടക്ടർ ഉപകരണങ്ങൾക്കായുള്ള അഡ്വാൻസ്ഡ് കൺട്രോൾ സിസ്റ്റംസ് സോഫ്റ്റ്‌വെയർ രംഗത്തേക്ക് കേരളത്തെ അടയാളപ്പെടുത്തി ‘കായ്സെമി (KaiSemi) കൺട്രോൾ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്’ ടെക്നോപാർക്കിൽ പുതിയ ഓഫീസ് ആരംഭിച്ചു. ടെക്നോപാർക്ക് ഫേസ് വണ്ണിലെ കല്ലായി ബിൽഡിംഗിൽ സജ്ജീകരിച്ചിരിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ഓഫീസ്  വ്യവസായ-വിവരസാങ്കേതിക, എ.ഐ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
ടെക്നോപാർക്കിലെ എസ്.ടി.പി.ഐ (STPI) ബിൽഡിങ്ങിൽ  ഏഴംഗ സംഘവുമായി പ്രവർത്തനം ആരംഭിച്ച കായ്സെമി, ചുരുങ്ങിയ കാലം കൊണ്ട് മുപ്പതിലധികം ജീവനക്കാരുള്ള മികച്ച ഒരു കമ്പനിയായി  പുതിയ സൗകര്യങ്ങളിലേക്ക് മാറി. ആഗോള സെമികണ്ടക്ടർ വിപണിയിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ ഈ ചുവടുവെപ്പ്. നേരിട്ട് ചിപ്പുകൾ നിർമ്മിക്കുന്നതിന് പകരം, ചിപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന അതിസങ്കീർണ്ണമായ ഭീമൻ മെഷീനുകളെ (പ്രത്യേകിച്ച് അയോണിക് ഇംപ്ലാന്റേഴ്സിനെ) നിയന്ത്രിക്കുന്ന ലോകോത്തര സോഫ്റ്റ്‌വെയർ സംവിധാനമാണ് കായ്സെമി വികസിപ്പിക്കുന്നത്. ‘കെസിഎസ്’ (KCS – KaiSemi Control Systems) എന്ന ബ്രാൻഡിൽ അറിയപ്പെടുന്ന ഈ സോഫ്റ്റ്‌വെയറാണ് കമ്പനിയുടെ പ്രധാന ഉൽപ്പന്നം. ചിപ്പുകൾ നിർമ്മിക്കുന്ന ഫാക്ടറികളിലെ (Fab) റോബോട്ടിക്സ്, വാൽവ് കൺട്രോളിങ്, ബീം ട്യൂണിങ് തുടങ്ങിയ സങ്കീർണ്ണമായ പ്രക്രിയകളെല്ലാം കൃത്യതയോടെ നിയന്ത്രിക്കുന്നത് ഈ സംവിധാനമാണ്.
കേരളത്തിലെ കഴിവുള്ള യുവതലമുറയ്ക്ക് മുതൽക്കൂട്ടായാണ് ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലേക്ക് കായ്സെമി പോലുള്ള മികച്ച കമ്പനികൾ കടന്നുവരുന്നതെന്ന് ഉദ്ഘാടന ചടങ്ങിൽ  വ്യവസായ-വിവരസാങ്കേതിക, എ.ഐ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിലുള്ള അവസരങ്ങളും സൗകര്യങ്ങളും ഏറ്റവും മികച്ച രീതിയിൽ നാം ഉപയോഗപ്പെടുത്തണം. വളർച്ചയുടെ പാതയിൽ നാം മുന്നോട്ട് വളരെവേഗം കുതിക്കുകയാണെന്നും സർക്കാർ കേരളത്തിലെ വ്യവസായ മേഖലയെ മുന്നോട്ട് കൊണ്ടുവരാനുള്ള എക്കോസിസ്റ്റം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ ആൻഡ് ഐ.ടി വകുപ്പ് സെക്രട്ടറി സീറാം സാംബശിവ റാവു, ടെക്നോപാർക്ക് സി.ഇ.ഒ സന്ദീപ് കുമാർ ഐ.എ.എസ്, കിംഗ്‌സ്റ്റോൺ സെമികണ്ടക്ടറിന്റെ സ്ഥാപകനും കായ്സെമി മാനേജിംഗ് ഡയറക്ടറുമായ ജെഫ് സ്കോട്ട് ബോയ്ക്കർ, ഡയറക്ടർമാരായ അനു ജോസഫ്, ഫഹദ് അബ്ദുൾ സലാം, പ്രമുഖ കമ്പനി ഏജൻറ്റീവ്-എക്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും കായ്സെമി ഡയറക്ടറുമായ ടോണി ജോസഫ്, ടെക്നോപാർക്കിലെ വിവിധ കമ്പനികളുടെ ഡയറക്ടർമാർ, പാർക്ക് സെന്ററിലെയും കായ്സെമിയിലെയും ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കേരളത്തിലെ ഉദ്യോഗാർഥികളുടെ മികച്ച സാങ്കേതിക നൈപുണ്യവും ടെക്നോപാർക്കിന്റെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുമാണ് തങ്ങളുടെ ആദ്യ ഇന്ത്യൻ ബ്രാഞ്ച് തിരുവനന്തപുരത്ത് തന്നെ ആരംഭിക്കാൻ കാരണമായതെന്ന് കമ്പനി മാനേജ്‌മെന്റ് വ്യക്തമാക്കി.
അന്താരാഷ്ട്ര സെമി മാനദണ്ഡങ്ങൾ (SEMI Standards) കർശനമായി പാലിച്ചുകൊണ്ട്, കൺട്രോൾ സിസ്റ്റം ഡിസൈനിങ്, എക്യുപ്മെന്റ് ഇന്റഗ്രേഷൻ, 24×7 മെയിന്റനൻസ് പിന്തുണ തുടങ്ങിയവ നൽകുന്ന കായ്സെമി,ആഗോളതരത്തിൽ തങ്ങളുടെ സോഫ്റ്റ്‌വെയർ പ്രോഡക്റ്റുകൾ കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യയിൽ തന്നെ മെഷീൻ നിർമ്മാണം ആരംഭിക്കുന്നതോടെ മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, പ്രോസസ്സ് എൻജിനീയർമാർക്കും ഐടി പ്രൊഫഷണലുകൾക്കും ഫിസിക്സിൽ പിഎച്ച്ഡി/ബിരുദാനന്തര ബിരുദമുള്ളവർക്കും വലിയ തൊഴിലവസരങ്ങളാണ് കായ്സെമി വഴി തുറക്കപ്പെടാൻ പോകുന്നത്.