ഇറാൻ്റെ പരമോന്നത നേതാവായിരുന്നു ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങിൻ്റെ ഭാഗമായ വിലാപ യാത്രയിൽ പങ്കെടുത്ത് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. തെഹ്റാനിലെ തെരുവുകളിലൂടെ കടന്ന് പോയ വിലാപയാത്രയിൽ ജനക്കൂട്ടത്തിനൊപ്പം കാൽനടയായി പങ്കെടുക്കുന്ന ഇറാൻ പ്രസിഡൻ്റിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ആയത്തുള്ള അലി ഖമനയിയുടെ വിപാലയാത്രയിൽ ദുഃഖാർത്തരായ ജനങ്ങളുടെ വികാരപരമായ പ്രതികരങ്ങളും ദൃശ്യങ്ങളിലുണ്ട്. ദുഃഖിതരായ ജനങ്ങൾ ഷാളുകൾ, സ്കാർഫുകൾ, മറ്റ് വ്യക്തിപരമായ വസ്തുക്കൾ എന്നിവ വാഹനത്തിലുണ്ടായിരുന്നവർക്ക് കൈമാറുകയും അവ ശവപ്പെട്ടിയിൽ അൽപനേരം സ്പർശിപ്പിച്ച ശേഷം തിരികെ ജനക്കൂട്ടത്തിലേക്ക് എറിയുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. അനുഗ്രഹത്തിന്റെ പ്രതീകമായി കണക്കാക്കുന്ന ഒരു മതാചാരമാണിത്.
തെഹ്റാനിലെ ഇമാം ഖൊമേനി ഗ്രാൻഡ് മൊസല്ലയിൽ ഞായറാഴ്ച നടന്ന പൊതുചടങ്ങിലും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പങ്കെടുത്തിരുന്നു. ഖമേനിയുടെയും അദ്ദേഹത്തിനൊപ്പം കൊല്ലപ്പെട്ട നാല് കുടുംബാംഗങ്ങളുടെയും ശഖമഞ്ചത്തിന് മുന്നിൽ നടന്ന ഇറാൻ പ്രാർഥനയിലാണ് ഇറാൻ പ്രസിഡൻ്റും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തത്. ഗ്രാൻഡ് മൊസല്ലയിൽ നടന്ന സംസ്കാര പ്രാർത്ഥനയിൽ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്, ജുഡീഷ്യറി മേധാവി ഗൊലാംഹൊസൈൻ മൊഹ്‌സെനി എജെയി എന്നിവരുൾപ്പെടെയുള്ള നേതാക്കൾ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനൊപ്പം സന്നിഹിതരായിരുന്നു. സംസ്താര ചടങ്ങുമായി ബന്ധപ്പെട്ട ചടങ്ങളും രാജ്യവ്യാപകമായ ദുഃഖാചരണ ചടങ്ങുകളും വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. ആയത്തുള്ള അലി ഖമനയി, മരുമകൻ മെസ്ബാഹ് അൽ-ഹോദ, ഖമനയിയുടെ മകൾ ഡോ. സെയ്ദെഹ് ബോഷ്ര ഹൊസൈനി ഖമേനി, നിലവിലെ പരമോന്നത നേതാവ് മൊജ്തബ ഖമനയിയുടെ ഭാര്യ സഹ്‌റ ഹദ്ദാദ് അദെൽ, ആയത്തുള്ള അലി ഖമനയിയുടെ ചെറുമകൾ സഹ്‌റ മുഹമ്മദി ഗോൾപയേഗാനി എന്നിവരുടെ ഭൗതികശരീരങ്ങൾ സർക്കാർ ഉദ്യോഗസ്ഥർക്കും വിദേശ പ്രതിനിധികൾക്കും പൊതുദർശനം നടത്താനായി വെച്ചിരുന്നു.
