Home » Blog » kerala Max » ചമ്പത് റായി പുറത്തേക്ക്; അയോധ്യ ട്രസ്റ്റിൽ വൻ അഴിച്ചുപണി
ayodhya (1)

അയോധ്യ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട സംഭാവന തട്ടിപ്പ് വിവാദങ്ങൾക്കിടെ, ട്രസ്റ്റിലെ ഉന്നത ഭാരവാഹികളുടെ രാജി അംഗീകരിക്കുന്നതിനായി നിർണ്ണായക യോഗം ഇന്ന് ചേരുന്നു. അഴിമതി ആരോപണങ്ങളെത്തുടർന്ന് ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രസ്റ്റി ഡോ. അനിൽ മിശ്രയും നേരത്തെ രാജിവെച്ചിരുന്നു. മൂന്ന് മണിക്ക് അയോധ്യയിൽ ചേരുന്ന യോഗത്തിൽ ഇവരുടെ രാജി ഔദ്യോഗികമായി അംഗീകരിക്കും.

ചമ്പത് റായിക്ക് പകരമായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പുതിയ പേര് നിർദ്ദേശിച്ചുകഴിഞ്ഞു. വിഎച്ച്പിയുടെ ദേശീയ-അന്തർദേശീയ ജനറൽ സെക്രട്ടറിയായ ബജ്രംഗ്ലാൽ ബാഗ്ഡയുടെ പേരാണ് പ്രധാനമായും പരിഗണിക്കുന്നത്. ബാഗ്ഡയ്‌ക്കൊപ്പം നിലവിലെ ട്രസ്റ്റ് അംഗം കൃഷ്ണമോഹന്റെ പേരും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. ഇതിനുപുറമെ, ഇന്ദ്രപ്രസ്ഥ മേഖലാ സെക്രട്ടറി നീരജ് ദൗനേരിയയെ ട്രസ്റ്റംഗമായി നിയമിക്കാനും ആലോചനയുണ്ട്. ഡൽഹിയിൽ നടക്കുന്ന ചർച്ചകളിലൂടെ പുതിയ ഭാരവാഹികളെയും സിഇഒയെയും സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.

ചമ്പത് റായിക്കെതിരെ മുൻ ആഭ്യന്തര സെക്രട്ടറി ലക്ഷ്മി നാരായൺ നടത്തിയ വെളിപ്പെടുത്തലുകൾ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 2024 ഏപ്രിലിൽ ക്ഷേത്രത്തിലേക്ക് വഴിപാടായി നൽകിയ 151 കിലോ സ്വർണ്ണത്തിൽ തീർത്ത രാമചരിത മാനസ് ഗ്രന്ഥം എവിടെപ്പോയി എന്നതിനെക്കുറിച്ച് മറുപടിയില്ല. നേരിട്ട് കൈപ്പറ്റിയ ശേഷം ചമ്പത് റായി ഇതിന് രസീത് പോലും നൽകിയിരുന്നില്ലെന്ന് ലക്ഷ്മി നാരായൺ മൊഴി നൽകിയിട്ടുണ്ട്.

അഴിമതി ആരോപണങ്ങൾ നേരിടുന്നതിനിടെ, ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാക്കളെ വിളിച്ചുവരുത്തി തെളിവ് ശേഖരിക്കണമെന്ന വിചിത്ര ആവശ്യവുമായി വിഎച്ച്പി നേതൃത്വം രംഗത്തെത്തി. പ്രിയങ്ക ഗാന്ധി, അരവിന്ദ് കെജ്രിവാൾ തുടങ്ങിയ നേതാക്കൾക്കെതിരെ അന്വേഷണം നടത്തണമെന്നും അവരിൽ നിന്ന് തെളിവ് തേടണമെന്നും ആവശ്യപ്പെട്ട് വിഎച്ച്പി അധ്യക്ഷൻ അലോക് കുമാർ അയോധ്യ ഡിഎസ്പിക്ക് കത്തയച്ചു. ഈ നടപടി രാഷ്ട്രീയമായി വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.