വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ വിദേശ നിക്ഷേപ വിവാദത്തിലും വകുപ്പ് കൈകാര്യം ചെയ്യുന്നതിലെ കാര്യപ്രാപ്തിയിലും മുഖ്യമന്ത്രി വി.ഡി. സതീശന് പൂർണ്ണ പിന്തുണയുമായി മുസ്ലിം ലീഗ് മുഖപത്രമായ ‘ചന്ദ്രിക’. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വിഴിഞ്ഞം പദ്ധതിയെ ‘കടൽക്കൊള്ള’ എന്നും ‘5,000 കോടിയുടെ അഴിമതി’ എന്നും വിളിച്ച് ആക്ഷേപിച്ച ഇടതുപക്ഷം, പിന്നീട് ഭരണം കിട്ടിയപ്പോൾ അത് സ്വന്തം വിജയമാക്കി മാറ്റാൻ നോക്കുകയായിരുന്നുവെന്ന് ചന്ദ്രികയുടെ എഡിറ്റോറിയൽ പരിഹസിക്കുന്നു. പ്രതിപക്ഷത്തിരിക്കുമ്പോൾ വികസന പദ്ധതികളെ എല്ലാം എതിർക്കുകയും ഭരണത്തിലെത്തുമ്പോൾ അത് നടപ്പിലാക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സി.പി.ഐ.എമ്മിന്റേതെന്നും, അദാനി ചോദിച്ചതെല്ലാം വാരിക്കോരി നൽകിയത് എൽ.ഡി.എഫ് സർക്കാരാണെന്നും പത്രം രൂക്ഷമായി വിമർശിക്കുന്നു.
മുഖ്യമന്ത്രി കൂടുതൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്നതിനെതിരെ പ്രതിപക്ഷം ഉയർത്തുന്ന വിമർശനങ്ങൾ തള്ളിക്കൊണ്ടാണ് ചന്ദ്രിക വി.ഡി. സതീശന് അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത്. കാര്യപ്രാപ്തിയുള്ള നേതാക്കൾക്ക് എത്ര വകുപ്പുകൾ വേണമെങ്കിലും ഭംഗിയായി കൈകാര്യം ചെയ്യാൻ സാധിക്കുമെന്നും നിലവിലെ മുഖ്യമന്ത്രിക്ക് ഭരിക്കാൻ പി.ആർ ഏജൻസികളുടെ സഹായം ആവശ്യമില്ലെന്നും എഡിറ്റോറിയൽ വ്യക്തമാക്കുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പി.ആർ ഏജൻസികൾ എഴുതി നൽകുന്നത് വായിക്കുക മാത്രമാണ് ചെയ്തിരുന്നതെന്നും അദ്ദേഹത്തിന്റെ അന്നത്തെ പ്രകടനം കണ്ട് സ്വന്തം എം.എൽ.എമാർക്ക് പോലും സഹതാപം തോന്നിയിട്ടുണ്ടാകാമെന്നും ചന്ദ്രിക പരിഹസിക്കുന്നുണ്ട്.
