വലിയ വിവാദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ തെന്നിന്ത്യൻ സൂപ്പർതാരവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്‌യുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ‘ജന നായകൻ’ തിയേറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ സെൻസറിങ് നടപടികൾ കഴിഞ്ഞദിവസം പൂർത്തിയായി. കടുത്ത രാഷ്ട്രീയ ഡയലോഗുകളും രംഗങ്ങളും നിറഞ്ഞ ചിത്രത്തിൽ സെൻസർ ബോർഡ് ആകെ 13 കട്ടുകളാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഈ വർഷം ജനുവരിയിൽ വമ്പൻ പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ഈ എച്ച്. വിനോദ് ചിത്രം, സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതിനെ തുടർന്ന് നീണ്ടുപോവുകയായിരുന്നു. ഒടുവിൽ പ്രതിസന്ധികളെല്ലാം നീങ്ങി ജൂലൈ 23-നോ 24-നോ ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
പൂർണ്ണമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുൻപ് വിജയ് അഭിനയിച്ച അവസാന സിനിമ എന്ന നിലയിൽ തെന്നിന്ത്യൻ സിനിമാ ലോകം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന പ്രോജക്ടാണിത്. എന്നാൽ റിലീസ് വൈകുന്നതിനിടയിൽ ചിത്രത്തിന്റെ വ്യാജപതിപ്പ് ഓൺലൈനിൽ പ്രചരിച്ചത് അണിയറപ്രവർത്തകർക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. നിരവധി പേർ ഇതിനകം വ്യാജപതിപ്പ് കണ്ടിട്ടുണ്ടെങ്കിലും, വിജയ് ഇപ്പോൾ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദവിയിൽ ഇരിക്കുന്ന സാഹചര്യത്തിൽ തിയേറ്ററുകളിൽ ചരിത്രത്തിലെ ഏറ്റവും വലിയ വരവേൽപ്പും ആഘോഷവും നൽകാനാണ് ആരാധകരും പാർട്ടി പ്രവർത്തകരും ഒരുങ്ങുന്നത്. കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ഈ മെഗാ ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
വലിയൊരു താരനിര തന്നെയാണ് ഈ രാഷ്ട്രീയ ത്രില്ലറിലുള്ളത്. ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മലയാള താരം മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഇതിനുപുറമേ വിജയ്‌യുടെ പ്രിയപ്പെട്ട സംവിധായകരായ ലോകേഷ് കനകരാജ്, അറ്റ്‌ലി, നെൽസൺ എന്നിവർ ചിത്രത്തിലെ ഒരു പ്രത്യേക ഗാനരംഗത്തിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു എന്ന ആവേശകരമായ വാർത്തയും പുറത്തുവന്നിട്ടുണ്ട്. സത്യൻ സൂര്യൻ ഛായാഗ്രഹണവും അനിൽ അരശ് ആക്ഷനും നിർവ്വഹിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ കുറിക്കുമെന്നാണ് വിലയിരുത്തൽ.
