സംസ്ഥാനത്ത് തെരുവുനായ ശല്യം വൻ പ്രതിസന്ധിയാകുന്നു. കൊല്ലം ജില്ലയിൽ നാട്ടുകാരെ ആക്രമിച്ച നായയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വെടിവെച്ചുകൊന്നപ്പോൾ, തൃശ്ശൂരിൽ നായ ശല്യം കാരണം സ്കൂളിന് തുടർച്ചയായ രണ്ടാം ദിവസവും അവധി നൽകേണ്ടി വന്നു. തൃശ്ശൂർ ജില്ലയിലെ ചൂണ്ടൽ സർക്കാർ യു.പി സ്കൂളിലാണ് തെരുവുനായ്ക്കൾ കാരണം അധ്യയനം തടസ്സപ്പെട്ടത്. സ്കൂൾ വളപ്പിൽ അക്രമകാരികളായ നായകൾ തമ്പടിച്ചതിനെ തുടർന്നാണ് അധികൃതർക്ക് സ്കൂളിന് അവധി നൽകേണ്ടി വന്നത്. നായകളെ പിടികൂടാൻ കഴിയാതെ വന്നതോടെ രണ്ടാം ദിവസമായ ഇന്നും സ്കൂളിന് അവധി നീട്ടുകയായിരുന്നു. മുഴുവൻ നായകളെയും വേഗത്തിൽ പിടികൂടി നാളെയെങ്കിലും സ്കൂളിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
