ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മൂത്ത മകൻ, ക്രിസ്റ്റ്യാനോ ഡോസ് സാന്റോസ് എന്ന ക്രിസ്റ്റ്യാനോ ജൂനിയർ പോർച്ചുഗലിന്റെ അണ്ടർ 16 ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നു! കായികലോകം ആകാംഷയോടെ കാത്തിരുന്ന ഒരു ചരിത്ര നിമിഷമാണിത്. അച്ഛന്റെ പ്രശസ്തിയുടെ തണലിൽ നിന്നും സ്വന്തമായൊരു ഇടം തേടിയുള്ള ഈ 15 വയസ്സുകാരന്റെ യാത്ര തുടങ്ങിയിരിക്കുകയാണ്.
തുർക്കിയിൽ നടക്കുന്ന ഫെഡറേഷൻസ് കപ്പ് ടൂർണമെന്റിലാണ് ക്രിസ്റ്റ്യാനോ ജൂനിയർ ദേശീയ കുപ്പായത്തിൽ ആദ്യമായി കളിക്കാനിറങ്ങിയത്. വരും തലമുറയുടെ ഫുട്ബോൾ ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷ നൽകുന്ന ഈ വാർത്ത, ലോകമെമ്പാടുമുള്ള റൊണാൾഡോ ആരാധകർ ആഘോഷമാക്കുകയാണ്.
തുർക്കിയിൽ നടന്ന ഫെഡറേഷൻസ് കപ്പ് ടൂർണമെന്റിൽ പോർച്ചുഗൽ അണ്ടർ 16 ടീം തുർക്കിയെ 2-0 ന് പരാജയപ്പെടുത്തിയ മത്സരത്തിലായിരുന്നു ക്രിസ്റ്റ്യാനോ ജൂനിയറിൻ്റെ അരങ്ങേറ്റം.
മത്സരത്തിൻ്റെ 90-ാം മിനിറ്റിൽ പകരക്കാരനായിട്ടാണ് ഈ 15 വയസ്സുകാരൻ കളിക്കളത്തിൽ ഇറങ്ങിയത്. പോർച്ചുഗൽ യുവനിര മികച്ച വിജയം നേടിയ മത്സരത്തിൽ അവസാന നിമിഷം കളിക്കാൻ അവസരം ലഭിച്ചത് ക്രിസ്റ്റ്യാനോ ജൂനിയറിൻ്റെ ദേശീയ ടീം മോഹങ്ങൾക്ക് വലിയ ഊർജ്ജം നൽകുന്നതാണ്.
നേരത്തെ, ഇദ്ദേഹത്തെ പോർച്ചുഗലിന്റെ അണ്ടർ 15 ടീമിലേക്ക് തിരഞ്ഞെടുത്തിരുന്നുവെങ്കിലും, അണ്ടർ 16 ടീമിലാണ് ഔദ്യോഗികമായി അരങ്ങേറ്റം കുറിച്ചത്.
നിലവിൽ, സൗദി അറേബ്യയിലെ അൽ-നാസറിൻ്റെ യൂത്ത് അക്കാദമിയിലാണ് ക്രിസ്റ്റ്യാനോ ഡോസ് സാന്റോസ് കളിക്കുന്നത്. ഈ ക്ലബ്ബ് തന്നെയാണ് അദ്ദേഹത്തിൻ്റെ പിതാവ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും നിലവിലെ തട്ടകം
അച്ഛൻ കളിക്കുന്ന അതേ ക്ലബ്ബിന്റെ യൂത്ത് ടീമിൽ കളിക്കുന്ന ക്രിസ്റ്റ്യാനോ ജൂനിയർ മികച്ച പ്രകടനമാണ് കാഴ്ചവെച്ച് വരുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിൻ്റെ മകനെന്ന നിലയിൽ വലിയ സമ്മർദ്ദവും പ്രതീക്ഷകളുമാണ് ഈ യുവതാരത്തിന് മേലുള്ളത്.
ഫെഡറേഷൻസ് കപ്പ് ടൂർണമെന്റിൽ പോർച്ചുഗലിന്റെ അണ്ടർ 16 ടീമിന് ഇനി നിർണ്ണായകമായ മത്സരങ്ങളാണ് വരാനിരിക്കുന്നത്. അടുത്ത മത്സരങ്ങൾ വെയിൽസിനും ഇംഗ്ലണ്ടിനും എതിരെയായിരിക്കും.
ഫുട്ബോൾ ലോകം ഏറെക്കാലമായി കാത്തിരുന്ന ഒരു സ്വപ്ന നിമിഷമാണ് ക്രിസ്റ്റ്യാനോ ജൂനിയറിൻ്റെ പോർച്ചുഗൽ അരങ്ങേറ്റം. ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്ക്, പ്രത്യേകിച്ച് റൊണാൾഡോ ആരാധകർക്ക്, ഇത് പിൻഗാമിയുടെ ഉദയമാണ്. അച്ഛന്റെ റെക്കോർഡുകൾ പിന്തുടരുമോ അതോ സ്വന്തമായൊരു പാത വെട്ടിത്തുറക്കുമോ എന്ന ആകാംഷയിലാണ് ആരാധകർ. എന്തായാലും പോർച്ചുഗൽ ഫുട്ബോളിന്റെ ഭാവി വാഗ്ദാനമായി ഈ കൗമാരക്കാരൻ മാറുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.
