Home » Blog » Kerala » നിപ ഭീതിയിൽ നിന്ന് കേരളത്തിന് ആശ്വാസം; ക്വാറന്റൈൻ പൂർത്തിയായി, രോഗിയുടെ പുതിയ ഫലവും നെഗറ്റീവ്.
images (67)

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക പരത്തിയ നിപ വൈറസ് ബാധയുടെ ഭീതി ഒഴിഞ്ഞതായി ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ. നിപാബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന എല്ലാവരും സുരക്ഷിതമായി ക്വാറന്റൈൻ പൂർത്തിയാക്കി. കൺടൈൻമെന്റ് സോണുകൾ പോലെയുള്ള കർശന നിയന്ത്രണങ്ങളിലേക്ക് കടക്കാതെ തന്നെ കൃത്യമായ സമ്പർക്കപ്പട്ടികയും നിരീക്ഷണവും വഴി രോഗവ്യാപനം പൂർണ്ണമായും തടയാൻ കഴിഞ്ഞത് ആരോഗ്യവകുപ്പിന്റെ വലിയ വിജയമാണെന്ന് മന്ത്രി പറഞ്ഞു. മാനദണ്ഡപ്രകാരമുള്ള 42 ദിവസത്തെ നിരീക്ഷണം പൂർത്തിയാകുന്ന മുറയ്ക്ക് പ്രദേശത്തെ പൂർണ്ണമായും നിപ രഹിതമായി പ്രഖ്യാപിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.

 

21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട 4 പേരെയും (2 കുടുംബാംഗങ്ങൾ, 2 ആരോഗ്യപ്രവർത്തകർ) മറ്റ് 3 ഉയർന്ന റിസ്ക് വിഭാഗക്കാരെയും ക്വാറന്റൈനിൽ നിന്നും ഒഴിവാക്കി. ഇവർക്ക് യാതൊരുവിധ ലക്ഷണങ്ങളും കണ്ടെത്തിയിട്ടില്ല. ജൂൺ 10 മുതൽ ജില്ലയിൽ നിപ സമാന ലക്ഷണങ്ങളോടെ നടത്തിയ 58 പേരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. ഇനി കുറഞ്ഞ റിസ്ക് വിഭാഗത്തിൽപ്പെട്ട 3 പേർ മാത്രമാണ് നിരീക്ഷണത്തിലുള്ളത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന നിപ രോഗിയുടെ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലെ രണ്ട് സ്രവസാമ്പിളുകളും നെഗറ്റീവ് ആയിട്ടുണ്ട്.

 

നിപ ഭീതി ഒഴിഞ്ഞെങ്കിലും സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വർദ്ധിക്കുന്നത് ആശങ്കയുണർത്തുന്നുണ്ട്. പുതുതായി 8 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു (കൊല്ലം-2, കണ്ണൂർ-2, പാലക്കാട്-2, തൃശൂർ-1, മലപ്പുറം-1). ഈ മാസം മാത്രം 205 പേർക്ക് ഷിഗെല്ല സ്ഥിരീകരിക്കുകയും 6 മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഈ വർഷം ഇതുവരെ ആകെ 281 പേർക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം ശക്തമായതിനെ തുടർന്ന് കോഴിക്കോട് (69 കേസുകൾ), വയനാട് (26 കേസുകൾ), തൃശൂർ (14 കേസുകൾ), ആലപ്പുഴ (5 കേസുകൾ) എന്നി ജില്ലകളിൽ ആരോഗ്യവകുപ്പ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.