ഡൽഹി: ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി നിലകൊണ്ട നേതാവായിരുന്ന സർദാർ വല്ലഭായി പട്ടേലിൻ്റെ 150-ാം ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി നടന്ന ‘ദേശീയ ഐക്യദിന’ വേദിയിൽവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനും പ്രതിപക്ഷ പാർട്ടികൾക്കുമെതിരെ രൂക്ഷമായ വിമർശനം അഴിച്ചുവിട്ടു. ഇന്ത്യ വിഭജനം മുതൽ പൗരത്വ നിയമം വരെയുള്ള വിഷയങ്ങളിൽ അദ്ദേഹം കോൺഗ്രസിൻ്റെയും ജവഹർലാൽ നെഹ്റുവിൻ്റെയും നിലപാടുകളെ കുറ്റപ്പെടുത്തി.
കാശ്മീർ വിഷയത്തിൽ നെഹ്റുവിനെതിരെ
കാശ്മീർ, പാക് അധീന കാശ്മീർ വിഷയങ്ങളിലെ കോൺഗ്രസ് നിലപാടുകളെയാണ് പ്രധാനമന്ത്രി പ്രധാനമായും വിമർശിച്ചത്. “സർദാർ വല്ലഭായി പട്ടേലിന് കാശ്മീരിനെ ഇന്ത്യയോട് പൂർണ്ണമായി ചേർക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, കോൺഗ്രസും നെഹ്റുവും അതിനെ എതിർത്തു. ഈ എതിർപ്പാണ് രാജ്യത്ത് തീവ്രവാദം വളർത്താൻ ഇടയാക്കിയത്,” നരേന്ദ്ര മോദി ആരോപിച്ചു.
ദേശീയ പൗരത്വ നിയമം, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയെ എതിർക്കുന്ന പ്രതിപക്ഷ പാർട്ടികളെയും പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. സ്വാതന്ത്ര്യം ലഭിച്ച ശേഷം രാജ്യത്തേക്ക് നുഴഞ്ഞുകയറിയ ആളുകളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രധാന ആരോപണം. നുഴഞ്ഞുകയറ്റക്കാരാണ് രാജ്യത്തിൻ്റെ ഐക്യത്തിന് തടസ്സം നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഹമ്മദാബാദിലെ ‘സ്റ്റാച്യൂ ഓഫ് യൂണിറ്റി’യിൽ പുഷ്പാർച്ചന നടത്തിയ ശേഷം പ്രധാനമന്ത്രി ദേശീയ ഐക്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്താണ് പരിപാടികൾക്ക് തുടക്കമിട്ടത്.
